വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങളും നിർബന്ധം; പുതിയ മാർഗ്ഗനിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്.ഐ.ആർ (SIR) വിവരങ്ങൾ സമർപ്പിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പുതിയ വോട്ടർമാർക്കും എസ്.ഐ.ആർ നിലവിൽ വന്നതിന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കും. വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള ‘ഫോം 6’ പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ കൂടി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഓൺലൈൻ അപേക്ഷകളിൽ ഈ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ല. ഈ സംവിധാനത്തിലൂടെ വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാൻ സാധിക്കുമെന്നും, പുതിയ അപേക്ഷകർ സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും കമ്മിഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ (PTI) റിപ്പോർട്ട് ചെയ്തു. ബിഹാറിൽ ഈ പരിഷ്കാരം ഇതിനോടകം തന്നെ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.
ഇരട്ട വോട്ടുകൾ കണ്ടെത്താനും, താമസം മാറിയവരെയും വിദേശ പൗരന്മാരെയും വോട്ടർ പട്ടികയിൽ നിന്ന് കൃത്യമായി നീക്കം ചെയ്യാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, പുതിയ പരിഷ്കാരങ്ങളുടെ പേരിൽ ചില പ്രത്യേക വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ഒഴിവാക്കുന്നു എന്ന രീതിയിൽ ഉയർന്നുവന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർണ്ണമായി നിഷേധിച്ചു. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അതിനെ ചോദ്യം ചെയ്യാനും പരാതിപ്പെടാനും മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും, ഈ നടപടികളിൽ യാതൊരുവിധ പക്ഷപാതവുമില്ലെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.