03/06/2026
[fontresizer_tawhidurrahmandear_widget]

എസ്ഐആറിൽനിന്ന് പുറത്തായാൽ പൗരത്വം നഷ്ടമാകില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പൂർണമായും നിയമപരം: സുപ്രീം കോടതി

 എസ്ഐആറിൽനിന്ന് പുറത്തായാൽ പൗരത്വം നഷ്ടമാകില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പൂർണമായും നിയമപരം: സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളുടെ പൗരത്വം അന്തിമമായി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ നടപ്പാക്കിയ തീവ്ര പുനപരിശോധനയിലൂടെ (എസ്‌ഐആർ) വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആർ നടപടിക്രമങ്ങൾക്കെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അതേസമയം, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ എസ്‌ഐആർ നടപടികൾ ഭരണഘടനാപരവും നിയമപരവുമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വം സംബന്ധിച്ച കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് കോടതി ഓർമിപ്പിച്ചു. വോട്ടർപട്ടികയുടെ ശുദ്ധീകരണ പ്രക്രിയയിൽ സംശയസ്പദമായ പൗരത്വത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ നാല് ആഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറണം. തുടർന്ന്, ബന്ധപ്പെട്ട വ്യക്തിക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കൃത്യമായ അവസരം നൽകിയ ശേഷമായിരിക്കണം ആഭ്യന്തര മന്ത്രാലയം പൗരത്വം സംബന്ധിച്ച അന്തിമ പരിശോധന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. ഈ വർഷം ജനുവരി 29-ന് വിപുലമായ വാദപ്രതിവാദങ്ങൾക്ക് ശേഷം മാറ്റിവെച്ച വിധിയിലാണ് കോടതി കമ്മീഷന്റെ നടപടികൾ ശരിവെച്ചത്.

വോട്ടർപട്ടികയിലെ ഇരട്ടിപ്പും അർഹതയില്ലാത്തവരെയും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് കമ്മീഷൻ വാദിച്ചെങ്കിലും, പൂർവിക ബന്ധം തെളിയിക്കണമെന്ന കമ്മീഷന്റെ നിബന്ധന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും കുടിയേറ്റക്കാർക്കും തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായിരുന്നു. വോട്ടർമാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ‘ആധാർ’ കാർഡും വോട്ടർ തിരിച്ചറിയലിനുള്ള അധിക രേഖയായി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം തന്നെ, യോഗ്യരായ വോട്ടർമാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. പ്രത്യേക പുനപരിശോധനയുമായി ബന്ധപ്പെട്ട് വോട്ടർമാരെ തെറ്റായി ഒഴിവാക്കുകയോ ഏകപക്ഷീയമായ നടപടികൾ ഉണ്ടാകുകയോ ചെയ്താൽ അത് നിയമപരമായി ചോദ്യം ചെയ്യാൻ വോട്ടർമാർക്ക് അവകാശമുണ്ടായിരിക്കുമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ നിയമപരമായ അധികാര പരിധിക്ക് പുറത്തല്ല പ്രവർത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയുടെ കൃത്യതയും ശുദ്ധിയും ഉറപ്പുവരുത്തുക എന്ന ഭരണഘടനാപരമായ ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചത്. സാധാരണ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽനിന്ന് വ്യത്യസ്തമാണ് എന്ന കാരണത്താൽ മാത്രം ഈ പ്രത്യേക തീവ്ര പരിശോധനാ നടപടി ഭരണഘടനാ വിരുദ്ധമോ നിയമവിരുദ്ധമോ ആണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ബിഹാറിലെ നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ ആരംഭിച്ചത്. പിന്നീട് കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. വോട്ടർപട്ടികയിലെ ഇരട്ടിപ്പും വ്യാജ വോട്ടർമാരെയും ഒഴിവാക്കി ജനാധിപത്യ പ്രക്രിയ സുതാര്യമാക്കാൻ കമ്മീഷന് അധികാരമുണ്ടെന്ന് കോടതി ശരിവെച്ചു. വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡും പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്ന പ്രക്രിയ ഒരാളുടെ പൗരത്വത്തെ നേരിട്ട് ബാധിക്കുന്നില്ലെന്നും പൗരത്വം പരിശോധിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Also read: