11/05/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ എസ്‌ഐആറിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് സുവേന്ദു അധികാരി

 ബംഗാളിൽ എസ്‌ഐആറിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മേൽനോട്ടം വഹിച്ച വിവാദ ഉദ്യോഗസ്ഥൻ മനോജ് അഗർവാൾ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് സുപ്രധാന ചുമതല നൽകിയത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ വോട്ട് വെട്ടിമാറ്റൽ നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് നൽകിയ ‘പ്രത്യുപകാരമാണിതെന്ന്’ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിഇഒ ആയിരുന്ന കാലത്ത് ഏകദേശം 91 ലക്ഷം വോട്ടർമാരെയാണ് മനോജ് അഗർവാൾ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നും ബിജെപിയുടെ വിജയഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ പല മണ്ഡലങ്ങളിലും ഇത്തരത്തിൽ വെട്ടിമാറ്റപ്പെട്ടുവെന്നും തൃണമൂൽ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിഷ്പക്ഷത പാലിക്കേണ്ട ഉദ്യോഗസ്ഥനെ ബിജെപി സർക്കാർ അധികാരത്തിൽ വന്നയുടൻ ചീഫ് സെക്രട്ടറിയാക്കിയത് ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

മുൻപ് സിബിഐയുടെ അവിഹിത സ്വത്ത് സമ്പാദന കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് മനോജ് അഗർവാൾ. ഈ കേസിലെ അപ്പീൽ ഇപ്പോഴും ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സുവേന്ദു അധികാരി അധികാരമേറ്റതോടെ മമത ബാനർജിയുടെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെയെല്ലാം തന്ത്രപ്രധാന തസ്തികകളിൽനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയെ ഡൽഹിയിലെ റെസിഡന്റ് കമ്മീഷണറാക്കി മാറ്റി. തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് സുപ്രധാന തസ്തികകൾ നൽകുന്നതിലൂടെ ബംഗാളിലെ ഭരണം പൂർണമായും വരുതിയിലാക്കാനാണ് ബിജെപി നീക്കം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്നവർക്ക് ബിജെപി നൽകുന്ന സമ്മാനമാണ് ഈ നിയമനമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുമ്പോൾ, സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നാണ് ബിജെപിയുടെ വിശദീകരണം.

Also read: