വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ആനുകൂല്യങ്ങളുമില്ല; ബംഗാളിലും ബീഹാറിലും നടപടികൾ ശക്തമാക്കി ബിജെപി സർക്കാർ
ന്യൂഡൽഹി: ബംഗാളിലെ എസ്.ഐ.ആർ (SIR) പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഇനി മുതൽ ലഭ്യമാകില്ലെന്ന് റിപ്പോർട്ട്. പെൻഷൻ, റേഷൻ തുടങ്ങിയ സേവനങ്ങളും മമത ബാനർജി സർക്കാർ ആരംഭിച്ച ലക്ഷ്മി ഭണ്ഡാർ പദ്ധതിയും ഇത്തരക്കാർക്ക് പൂർണമായി നിർത്തലാക്കും. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയായിരുന്നു ധനസഹായം ലഭിച്ചിരുന്നത്. ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന പുതിയ അന്നപൂർണ ഭണ്ഡാർ പദ്ധതി പ്രകാരം സ്ത്രീകൾക്ക് 3000 രൂപ ലഭിക്കുമെങ്കിലും, എസ്.ഐ.ആർ ലിസ്റ്റിൽ നിന്നും പുറത്തായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
വോട്ടർ പട്ടികയിൽ ഇടംപിടിക്കാത്തവർക്ക് റേഷൻ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഇവരുടെ ബാങ്ക് പാസ്ബുക്കുകൾ ഉടൻ റദ്ദാക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അറിയിച്ചു. ബീഹാറിൽ എസ്.ഐ.ആർ നടപടികൾക്ക് ശേഷം അഞ്ച് ലക്ഷത്തോളം ആളുകളെ റേഷൻ കാർഡ് പട്ടികയിൽ നിന്നും നീക്കം ചെയ്തതായി മന്ത്രി അശോക് ചൗധരി വ്യക്തമാക്കി.
ബംഗാളിൽ എസ്.ഐ.ആർ നടപ്പിലാക്കിയതോടെ ഏകദേശം 91 ലക്ഷം ആളുകളാണ് വോട്ടർപട്ടികയിൽ നിന്നും പുറത്തായത്. ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ മേഖലകളിൽ നിന്നുള്ളവരാണ്. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് ഇവർക്ക് ബി.ജെ.പി സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. പട്ടികയിൽ നിന്നും പുറത്തായവരിൽ 34 ലക്ഷം വോട്ടർമാർ ട്രൈബ്യൂണലിന് മുന്നിൽ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ, എസ്.ഐ.ആറിൽ ഉൾപ്പെടാത്തവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. മരിച്ചവർക്കോ, കുടിയേറിയവർക്കോ, ഇന്ത്യക്കാരല്ലാത്തവർക്കോ യാതൊരുവിധ ആനുകൂല്യങ്ങളും നൽകില്ലെന്ന് സുവേന്ദു അധികാരിയും വ്യക്തമാക്കി.