തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി 10 രൂപയ്ക്ക് ചായ; ‘ഉഡാൻ യാത്രി കഫെ’ തുറന്നു
തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയിൽ വലയുന്ന സാധാരണക്കാരായ യാത്രികർക്ക് ആശ്വാസമായി ‘ഉഡാൻ യാത്രി കഫെ’ തിരുവനന്തപുരത്തും പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു.
പുതിയ കഫെയിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണങ്ങളും (സ്‌നാക്‌സ്) ലഭ്യമാകും. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നിരിക്കുന്നത്. അദാനി എയർപോർട്ട്‌സിന് കീഴിലുള്ള തിരുവനന്തപുരം, മുംബൈ, നവി മുംബൈ, മംഗളൂരു വിമാനത്താവളങ്ങളിലാണ് ഒരേസമയം ഈ സേവനം ആരംഭിച്ചത്. വിമാനത്താവളങ്ങളിൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും വലിയ തുക ഈടാക്കുന്നുവെന്ന യാത്രക്കാരുടെ ദീർഘകാലത്തെ പരാതിക്ക് ഇതോടെ പരിഹാരമാകും.
കഫെ ഉദ്ഘാടനത്തോടൊപ്പം വിമാനത്താവളത്തിലെ ‘ഡിജി യാത്ര’ സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യാത്രക്കാർക്ക് ലളിതമായും വേഗത്തിലും ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഡിജി യാത്രയ്ക്കായി നാല് ഗേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 21 ശതമാനം യാത്രക്കാർ ഈ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണക്കാരായ പ്രവാസികൾക്കും ആഭ്യന്തര യാത്രികർക്കും ഒരുപോലെ ഗുണകരമാകുന്നതാണ് പുതിയ മാറ്റങ്ങൾ.