ദിനോസറുകൾക്കും മുൻപേ ഭൂമിയിലെത്തിയവർ; കടലിൽ കണ്ടെത്തിയത് അന്യഗ്രഹജീവികളോ?
സമുദ്രത്തിന്റെ അജ്ഞാതമായ ആഴങ്ങളിൽ അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കൊളംബിയൻ തീരത്തെ സമുദ്രോപരിതലത്തിന് താഴെ, അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന വിചിത്രവും അതീവ മനോഹരവുമായ ഒരു കൂട്ടം ജീവികളെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ‘സെറ്റിനോഫോറുകൾ’ അല്ലെങ്കിൽ ‘കോമ്പ് ജെല്ലികൾ’ എന്നറിയപ്പെടുന്ന പുരാതന ജീവികൾ ദിനോസറുകൾ ഭൂമിയിൽ ഉദയം കൊള്ളുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സമുദ്രങ്ങളിൽ സ്വതന്ത്രമായി വിഹരിച്ചിരുന്നവയാണ്.
നിറങ്ങൾ മാറുന്ന അത്ഭുതം
കാഴ്ചയിൽ ജെല്ലിഫിഷുകളെപ്പോലെ തോന്നിക്കുമെങ്കിലും ഇവ പരിണാമപരമായി തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. മഴവില്ലിന്റെ നിറങ്ങൾ മാറിമാറി പുറപ്പെടുവിക്കുന്ന ഇവയുടെ സുതാര്യമായ ശരീരം സമുദ്രത്തിനടിയിൽ വർണ വെളിച്ചവിരുന്ന് തന്നെ ഒരുക്കുന്നു. ശരീരത്തിലെ എട്ട് നിരകളിലായുള്ള ‘സിലിയ’ എന്ന രോമങ്ങൾ പോലുള്ള ഭാഗങ്ങൾ ചലിപ്പിച്ചാണ് ഇവ വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങുന്നത്. ചലനത്തിനിടയിൽ പ്രകാശത്തിന്റെ അപവർത്തനം മൂലമാണ് ഇവയുടെ ശരീരത്തിൽ മയക്കുന്ന രീതിയിലുള്ള ആകർഷകമായ വർണങ്ങൾ വിരിയുന്നത്.
അതീവ ലോലം, തൊട്ടാൽ അലിഞ്ഞുപോകും
ഈ നിഗൂഢ ജീവികളെ പഠിക്കുക എന്നത് ശാസ്ത്രലോകത്തിന് എക്കാലവും വലിയ വെല്ലുവിളിയായിരുന്നു. ‘വലകളിൽ ശേഖരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ അതീവ ലോലമായ ഇവയുടെ ശരീരം അലിഞ്ഞുപോകുന്ന സ്വഭാവമാണുള്ളത്,’ എന്ന് പഠനത്തിന് നേതൃത്വം നൽകിയ നാഷണൽ ജിയോഗ്രാഫിക് പ്രിസ്‌റ്റൈൻ സീസ് സമുദ്ര ശാസ്ത്രജ്ഞൻ ജുവാൻ മയോർഗ വ്യക്തമാക്കുന്നു. അതിനാൽ, ഇവയെ ഒട്ടും ഉപദ്രവിക്കാത്ത രീതിയിലുള്ള അത്യാധുനിക അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയിലൂടെയും വിദൂര നിരീക്ഷണ സംവിധാനങ്ങളിലൂടെയുമാണ് പുതിയ ഗവേഷണം നടത്തിയത്. കൊളംബിയൻ ജലാശയങ്ങളിൽ കണ്ടെത്തിയ 15 ഇനങ്ങളിൽ ആറെണ്ണം ആദ്യമായാണ് മേഖലയിൽ രേഖപ്പെടുത്തുന്നത്.
വിഷമില്ലാത്ത വേട്ടക്കാർ
മറ്റ് ജെല്ലിഫിഷുകളെപ്പോലെ ഇവയ്ക്ക് കുത്തുന്ന കോശങ്ങൾ ഇല്ല എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. പകരം ‘കൊളോബ്ലാസ്റ്റുകൾ’ എന്നറിയപ്പെടുന്ന ഒട്ടിപ്പിടിക്കുന്ന പ്രത്യേക കോശങ്ങൾ ഉപയോഗിച്ചാണ് ഇവ തങ്ങളുടെ ഇരയെ പിടിക്കുന്നത്. പശ പോലുള്ള ദ്രാവകം ഉപയോഗിച്ച് പ്ലാങ്ക്ടണുകളെയും മത്സ്യ മുട്ടകളെയും ചെറുമീനുകളെയും ഇവ തന്ത്രപരമായി ഭക്ഷണമാക്കുന്നു.
സമുദ്രത്തിലെ സങ്കീർണമായ ഭക്ഷ്യശൃംഖലയിൽ പങ്കുവഹിക്കുന്ന ഈ പുരാതന ജീവികളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ, സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവുകൾ നൽകാൻ സഹായിക്കുമെന്നാണ് ഇൻവെമറിലെ ഗവേഷകർ അടക്കമുള്ളവർ പ്രതീക്ഷിക്കുന്നത്.