അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണു? റഡാറിൽനിന്ന് അപ്രത്യക്ഷം
ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ട്. ഇന്നു വൈകീട്ടോടെയാണ് വിമാനവുമായുള്ള ബന്ധം വ്യോമസേനയ്ക്ക് നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ കണ്ടെത്താനായി വനമേഖലയിൽ ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
അസമിലെ ജോർഹട്ട് എയർബേസിൽനിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ടതായിരുന്നു വിമാനം. രാത്രി 7:42-ഓടെ റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. കർബി ആംഗ്ലോങ് ജില്ലയിലെ ചൗക്കിഹോള മേഖലയ്ക്ക് സമീപമുള്ള നിബിഡ വനത്തിനുള്ളിലാണ് വിമാനം തകർന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. വനത്തിനുള്ളിൽനിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വ്യോമസേനയുടെ പ്രത്യേക സംഘവും പ്രാദേശിക പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തകർന്നതായി സംശയിക്കുന്ന സ്ഥലം മലനിരകളും കാടുകളും നിറഞ്ഞ ദുർഘടമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
വിമാനം കാണാതായ വിവരം ഗുവാഹത്തിയിലെ പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ മഹേന്ദർ റാവത്ത് സ്ഥിരീകരിച്ചു. പൈലറ്റിന്റെ അവസ്ഥയെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും സെർച്ച് ആൻഡ് റെസ്‌ക്യൂ ഓപറേഷൻ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.