‘കപ്പ തിന്നാൻവന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം’ – മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: ക്രൈസ്‌തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്ന രാഷ്ട്രീയ മുന്നണികൾക്ക് മാത്രമേ വോട്ടുള്ളൂവെന്ന കർശന നിലപാടുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആവശ്യങ്ങൾ വെറുതെ പറഞ്ഞാൽ പോരാ, അവ പാർട്ടികളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും അത് നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കത്തോലിക്കരുടെ ജന്മവാർഷിക റാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വന്യജീവി ശല്യത്തിനെതിരെ കടുത്ത ഭാഷയിലാണ് ബിഷപ്പ് പ്രതികരിച്ചത്. “വനഭൂമിയിൽ വളരുന്നവയാണ് വന്യമൃഗങ്ങൾ. എന്നാൽ നമ്മുടെ പറമ്പിൽ എത്തുന്നവയെ ഇനിമുതൽ വന്യമൃഗങ്ങളായി പരിഗണിക്കാൻ കഴിയില്ല. അവരെ സ്വന്തം വളർത്തുമൃഗങ്ങളായി കണക്കാക്കും. കപ്പ തിന്നാൻ വരുന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് യഥാർത്ഥ അതിജീവനം,” അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ സർക്കാരിന്റെ ആത്മാർത്ഥത വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ 64 ശതമാനം വരുന്ന കർഷകരുടെ പ്രശ്നങ്ങൾ ആരും ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെറും 4.8 ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാണ് സർക്കാരിന്റെ ഭൂരിഭാഗം വരുമാനവും ചെലവഴിക്കുന്നത്. 60 വയസ്സ് കഴിഞ്ഞ എല്ലാ കർഷകർക്കും 500 രൂപ പെൻഷൻ നൽകാൻ തയ്യാറാകുന്നവർക്കായിരിക്കും ക്രൈസ്തവർ വോട്ട് ചെയ്യുക. മലയോര കർഷകരെയും ആദിവാസികളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
യുവതലമുറ വിദേശ രാജ്യങ്ങളിലെ അടുക്കളകളിൽ ജോലിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും വിദേശത്തുനിന്ന് അയക്കുന്ന പണം ഉപയോഗിച്ച് നാട്ടിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരാകാൻ മക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പതിനായിരങ്ങൾ അണിനിരന്ന വലിയ റാലിയോടെയാണ് സമ്മേളനം സമാപിച്ചത്.