ഈസ്റ്ററിന് മുൻപ് വൻ ചോക്ലേറ്റ് കൊള്ള ; കവർന്നത് 4 ലക്ഷത്തിലധികം കിറ്റ്കാറ്റ് ബാറുകൾ
റോം: ഈസ്റ്റർ ആഘോഷങ്ങൾക്കരികെ യൂറോപ്പിൽ വൻ ചോക്ലേറ്റ് കവർച്ച. ഇറ്റലിയിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നും പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷണം പോയത്. സ്വിസ് ഭക്ഷ്യ ഭീമനായ നെസ്‌ലെയുടെ ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിനൊപ്പം അപ്രത്യക്ഷമായത്. രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ശേഖരമാണിത്.
യാത്രയ്ക്കിടയിൽ എവിടെ വെച്ചാണ് വാഹനവും ചരക്കും കാണാതായതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന് നെസ്‌ലെ മുന്നറിയിപ്പ് നൽകി. എന്നാൽ, ഓരോ പാക്കറ്റിലുമുള്ള ബാച്ച് കോഡുകൾ വഴി ഇവ കണ്ടെത്താനാകുമെന്നും കമ്പനി അറിയിച്ചു. സംശയാസ്പദമായ രീതിയിൽ ചോക്ലേറ്റ് വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ബാച്ച് കോഡ് സ്കാൻ ചെയ്ത് അധികൃതരെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
യൂറോപ്പിൽ ചരക്ക് വാഹനങ്ങൾ ലക്ഷ്യമിട്ടുള്ള സംഘടിത മോഷണങ്ങൾ വർദ്ധിച്ചുവരുന്നതിൽ കമ്പനി ആശങ്ക രേഖപ്പെടുത്തി. “കുറ്റവാളികളുടെ രുചിയറിവിനെ ഞങ്ങൾ അഭിനന്ദിക്കുന്നുണ്ടെങ്കിലും, ഇത്തരം മോഷണങ്ങൾ ബിസിനസ് മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്,” എന്ന് നെസ്‌ലെ പ്രസ്താവനയിൽ പരിഹസിച്ചു. അതിനൂതനമായ രീതിയിൽ നടക്കുന്ന ഇത്തരം പിടിച്ചുപറികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനാണ് വാർത്ത പുറത്തുവിടുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇറ്റാലിയൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.