‘ഷോൺ എന്റെ മകൻ, സത്യമേ പറയൂ; മെത്രാന്മാർ ഊളത്തരം കാണിക്കുന്നു, യുഡിഎഫിന് വേണ്ടി കുരക്കുന്നു’: അധിക്ഷേപ പരാമർശവുമായി പി.സി. ജോർജ്
പൂഞ്ഞാർ: കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെയും മെത്രാന്മാർക്കെതിരെയും അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശങ്ങളുമായി പി.സി. ജോർജ്. തന്റെ മകൻ ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും ആഞ്ഞടിച്ചു. വോട്ടെടുപ്പിന് ശേഷം പൂഞ്ഞാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചത് എന്ത് അവകാശത്തിന്റെ പുറത്താണെന്ന് ജോർജ് ചോദിച്ചു. “സഭയ്ക്ക് വേണ്ടി എന്തെങ്കിലും ഗുണം ചെയ്തിട്ടുള്ളത് ഞാനാണ്. എന്നിട്ടും എന്ത് കിട്ടിയിട്ടാണ് ഈ നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യാൻ പറയുന്നത്? സഭയേയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടി വരും. ബോധവും വിവരവുമില്ലാത്ത ഊളത്തരമാണ് അവർ കാണിക്കുന്നത്. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസുകാരാണ്. അവർ യുഡിഎഫിന് വേണ്ടി കുരയ്ക്കുകയാണ്,” ജോർജ് പരിഹസിച്ചു.
വിദേശ ഫണ്ട് നിയന്ത്രണ നിയമമായ എഫ്‌സിആർഎ വിഷയത്തിലും സഭയ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്ന് വരുന്ന പണത്തിന് കണക്ക് ചോദിച്ചാൽ എന്തിനാണ് ഇവർ പേടിക്കുന്നത്? കണക്ക് നൽകാൻ തയ്യാറല്ലാത്തവർ തെറ്റ് ചെയ്യുന്നുണ്ടെന്ന് വേണം കരുതാൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ട് സഭയോട് വിട്ടുവീഴ്ചാ നിലപാട് അറിയിച്ചിട്ടും മെത്രാന്മാർ ബിജെപിയെ വേട്ടയാടുകയാണ്. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ തിരിച്ചും അതേ നിലപാടായിരിക്കും. മെത്രാന്മാർ പറയുന്നതനുസരിച്ച് ജനം വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും ജോർജ് രൂക്ഷ വിമർശനം ഉന്നയിച്ചു. “ദീപിക പത്രം വായിക്കുന്നവന് വട്ടാണ്. ഇത്രയും നാണംകെട്ട ഒരു പത്രം വേറെയുണ്ടോ? ആ പത്രം വായിക്കരുതെന്ന് സഭയിൽ അടക്കം ഞാൻ പറഞ്ഞിട്ടുണ്ട്.” താൻ പൂഞ്ഞാറിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അവകാശപ്പെട്ട ജോർജ്, മെത്രാന്മാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കുന്നതാണ് അവർക്ക് നല്ലതെന്നും താക്കീത് നൽകി. അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ജോർജ് ഇതിനപ്പുറവും പറയുമെന്നായിരുന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയുടെ പ്രതികരണം.