11/06/2026
[fontresizer_tawhidurrahmandear_widget]

‘ഇതേ പള്ളിയിൽ പിതാവ് ലൗ ജിഹാദും നാർകോട്ടിക് ജിഹാദും പ്രസംഗിച്ചപ്പോൾ പിന്തുണച്ചത് ആർ.എസ്.എസും പി.സി. ജോർജും മാത്രം’ -ഷോൺ ജോർജ്

 ‘ഇതേ പള്ളിയിൽ പിതാവ് ലൗ ജിഹാദും നാർകോട്ടിക് ജിഹാദും പ്രസംഗിച്ചപ്പോൾ പിന്തുണച്ചത് ആർ.എസ്.എസും പി.സി. ജോർജും മാത്രം’ -ഷോൺ ജോർജ്

പാലാ: ബിജെപി നേതാവ് ഷോൺ ജോർജിനും പിതാവ് പി.സി. ജോർജിനുമെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഷോൺ ജോർജ് രംഗത്ത്. മുൻപ് ഇതേ കുറവിലങ്ങാട് പള്ളിയിൽ വെച്ച് തന്റെ പിതാവ് ‘ലൗ ജിഹാദ്’, ‘നാർക്കോട്ടിക് ജിഹാദ്’ വിഷയങ്ങളിൽ പ്രസംഗിച്ചപ്പോൾ ബിജെപിയും, ആർഎസ്എസും, പി.സി.‍‍ജോർജും മാത്രമാണ് പിന്തുണയുമായി എത്തിയതെന്ന് ഷോൺ ഓർമ്മിപ്പിച്ചു.

അന്ന് പിതാവിനെതിരെ ഇടതുപക്ഷ സർക്കാർ എട്ട് കേസുകൾ എടുക്കുകയും വി.ഡി. സതീശൻ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഉൾപ്പെടെയുള്ളവർ നിശബ്ദത പാലിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ അവഗണനയാണ് തന്നെ ബിജെപിയിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭേദഗതി ബിൽ വിഷയത്തിൽ സഭയുടെ ആശങ്കകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ ചർച്ചകൾക്ക് തയ്യാറായത് ബിജെപി നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്നും ഷോൺ അവകാശപ്പെട്ടു.

എഫ്.സി.ആർ.എ നിയമങ്ങൾ കർശനമാക്കിയത് ദേശസുരക്ഷയെ മുൻനിർത്തിയാണെന്നും ഇതിൽ സഭയ്ക്ക് ആകുലത വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുമായി ചർച്ച ചെയ്യാനും സഭയുടെ ആകുലതകൾ കേൾക്കാനും മന്ത്രി കിരൺ റിജിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അതിൻ്റെ ചർച്ചകളുമായി മുന്നോട്ടു വരുംമെന്നും ഷോൺ ജോർജ് പറഞ്ഞു.

നേരത്തെ, രാഷ്ട്രീയ നേതാക്കൾ മതമേലധ്യക്ഷന്മാരെ വിമർശിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് പാലാ ബിഷപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സഭയെ ആരും ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കും കൈയ്യടിക്കും വേണ്ടി മോശം ഭാഷ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ബിഷപ്പ് വ്യക്തമാക്കി. സഭയിലൂടെ വളർന്ന രാഷ്ട്രീയക്കാർ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഷോൺ ജോർജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

Also read: