സ്വന്തം വിവാഹത്തിന് എത്താനാകാതെ കുവൈത്തിൽ കുടുങ്ങി ശ്വേത; രക്ഷകരായി കെ.സി വേണുഗോപാലും ജോൺ ബ്രിട്ടാസും
തിരുവനന്തപുരം: സ്വന്തം വിവാഹത്തിന് എത്താനാകാതെ കുവൈത്തിൽ കുടുങ്ങിപ്പോയ മലയാളി യുവതി ശ്വേതയുടെ യാത്രയ്ക്ക് വേണ്ടി ഇടപെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സിപിഐഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരാണ് ശ്വേതയുടെ യാത്ര തടസ്സപ്പെട്ട വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. ഇരുവരും കുവൈത്ത് അംബാസിഡർക്കും ബന്ധപ്പെട്ട അധികൃതർക്കും കത്തയച്ചു.
തൃശ്ശൂർ സ്വദേശിനിയായ ശ്വേതയും വടകര സ്വദേശിയായ അശ്വിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 18-നാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്ത് എയർലൈൻസിൽ ജീവനക്കാരിയായ ശ്വേതയ്ക്ക് വിവാഹത്തിനായി അവധി അനുവദിക്കാൻ കമ്പനി തയ്യാറായില്ല. ഇതേത്തുടർന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാൻ ശ്വേത തീരുമാനിക്കുകയും കഴിഞ്ഞ മാസം നാലിന് രാജിക്കത്ത് നൽകുകയും ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വിസ റദ്ദാക്കാനോ പാസ്‌പോർട്ടും മറ്റ് രേഖകളും വിട്ടുനൽകാനോ കമ്പനി അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. വിവാഹം മാറ്റിവെക്കണമെന്ന വിചിത്രമായ നിലപാടാണ് കുവൈത്ത് എയർലൈൻസ് സ്വീകരിച്ചിരിക്കുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ജോൺ ബ്രിട്ടാസ് എംപി കുവൈത്ത് അംബാസിഡർക്ക് കത്തയച്ച് ശ്വേതയുടെ വിസ റദ്ദാക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. സമാനമായ ഇടപെടൽ നടത്തിയ കെ.സി വേണുഗോപാൽ എംപി കുവൈത്ത് അംബാസിഡർക്കും കുവൈത്ത് എയർലൈൻസിനും കത്തുകൾ കൈമാറി. പി.പി സുനീർ എംപിയും വിഷയത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. വിവാഹത്തിനായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന വരൻ അശ്വിൻ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. എംബസിക്കും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ശ്വേതയും കുടുംബവും പരാതി നൽകിയിട്ടുണ്ട്. നേതാക്കളുടെ ഇടപെടലോടെ ശ്വേതയ്ക്ക് വിവാഹദിവസത്തിന് മുൻപ് നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.