ലൈഫ് മിഷൻ: പണി തുടങ്ങിയിട്ട് ഒന്നര വർഷം; 450 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടുകളുടെ നിർമാണം എങ്ങുമെത്തിയില്ല
അതിരപ്പിള്ളി: തലചായ്ക്കാൻ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ചതോടെ അതിരപ്പിള്ളി അടിച്ചിൽത്തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമാണം ആരംഭിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതാണ് ഈ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
450 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടുകളിൽ പലതും നിലവിൽ തറപ്പണി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ചില വീടുകൾ ചുമർ വരെ നിർമിച്ച നിലയിലാണ്. നിർമാണ പുരോഗതിക്കനുസരിച്ച് തുക കൃത്യമായി ലഭിക്കാത്തതാണ് പണി തടസ്സപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പണി പൂർത്തിയാക്കുന്ന മുറയ്ക്ക് തുക ലഭിച്ചാൽ വീടുകൾ വേഗത്തിൽ കൈമാറാമെന്ന് കരാറുകാരൻ ഉറപ്പുനൽകിയിരുന്നെങ്കിലും ഫണ്ട് ലഭ്യതയിലെ അനിശ്ചിതത്വം തിരിച്ചടിയായി.
നിലവിൽ, വന്യമൃഗങ്ങളുടെ ഭീഷണിയുള്ള പ്രദേശത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലുകളിലാണ് കുട്ടികളടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്. പകുതി പണിത വീടുകൾ ആന നശിപ്പിക്കാതിരിക്കാൻ കാവൽ നിൽക്കേണ്ട അവസ്ഥയിലാണിവർ. തങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും വീട് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും അടിച്ചിൽത്തൊട്ടി നിവാസികൾ ആവശ്യപ്പെടുന്നു.