“വൈകിട്ട് ആറ് മുതല്‍ 11 മണിവരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണം”; അഭ്യര്‍ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. നിലവിലെ അമിത ഉപഭോഗം പ്രസരണ-വിതരണ ശൃംഖലയെ വലിയ സമ്മർദ്ദത്തിലാക്കുന്നുവെന്നും ഇത് പലയിടങ്ങളിലും വൈദ്യുതി തടസ്സത്തിനും വോൾട്ടേജ് കുറവിനും കാരണമാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 18-ന് സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായി ഉയർന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയർന്ന കണക്ക് രേഖപ്പെടുത്തുന്നത്. ഏപ്രിൽ 23-ന് രാത്രി 10:30-ഓടെ വൈദ്യുതി ആവശ്യകത റെക്കോർഡ് വേഗത്തിൽ 6195 മെഗാവാട്ടിലേക്ക് എത്തിയിരുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചുമാണ് നിലവിലെ ആവശ്യകത കെഎസ്ഇബി പരിഹരിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനും ഉയർന്ന ബിൽ തുക കുറയ്ക്കാനും താഴെ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ കെഎസ്ഇബി നിർദ്ദേശിക്കുന്നു:
പീക്ക് സമയം: വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങൾ ഒഴിവാക്കുക
.
എസി ക്രമീകരണം: എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുക.
വാഹന ചാർജിംഗ്: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമുള്ള സമയത്തേക്ക് മാറ്റുക.
പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം വൈകുന്നേരം ആറ് മണിക്കു ശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കുക
അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്ത് സഹകരിക്കുക.
താൽക്കാലികമായ ഈ പ്രതിസന്ധി തരണം ചെയ്യാൻ ഉപഭോക്താക്കളുടെ പൂർണ്ണ സഹകരണം ആവശ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.