രാഘവ് ഛദ്ദക്കൊപ്പം ബിജെപിയിലേക്ക്; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് പോലീസ്
ചണ്ഡീഗഢ്: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിങ്ങിന് നൽകിവന്നിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഹർഭജൻ ഉൾപ്പെടെ ഏഴ് എഎപി എംപിമാർ ബിജെപിയിൽ ചേർന്നത്. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ചയോടെയാണ് പഞ്ചാബ് പോലീസ് സുരക്ഷാ നടപടികൾ അവസാനിപ്പിച്ചത്.
ജലന്ധറിലെ വസതിയിൽ പത്തോളം പോലീസുകാരുടെ സുരക്ഷയാണ് ഹർഭജനുണ്ടായിരുന്നത്. സംസ്ഥാന പോലീസ് സുരക്ഷ പിൻവലിച്ചതോടെ, ഞായറാഴ്ച മുതൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ആണ് അദ്ദേഹത്തിന്റെ സുരക്ഷാച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹർഭജന് പുറമെ അശോക് മിത്തൽ, സന്ദീപ് പാഠക്, രാജേന്ദ്ര ഗുപ്‌ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് രാഘവ് ഛദ്ദയ്‌ക്കൊപ്പം ബിജെപി പാളയത്തിലെത്തിയത്. രാജ്യസഭയിലെ പത്ത് എഎപി അംഗങ്ങളിൽ ഏഴുപേരും രാജിവെച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായി.
കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്‌ണന് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദയുടെ വാദം. അതേസമയം, ഹർഭജൻ ഉൾപ്പെടെയുള്ള എംപിമാർ വഞ്ചനയാണ് കാണിച്ചതെന്ന് ആരോപിച്ച് പഞ്ചാബിലെ വിവിധയിടങ്ങളിൽ എഎപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.