11/06/2026
[fontresizer_tawhidurrahmandear_widget]

വീട്ടിൽ ഉറങ്ങുകയായിരുന്ന ഡിഎംകെ നേതാവിൻ്റെ ചെവി അറുത്തുമാറ്റി; ടിവികെ പ്രവർത്തകൻ പിടിയിൽ

 വീട്ടിൽ ഉറങ്ങുകയായിരുന്ന  ഡിഎംകെ നേതാവിൻ്റെ ചെവി അറുത്തുമാറ്റി; ടിവികെ പ്രവർത്തകൻ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ഡിഎംകെ നേതാവിനെ വീടിനുള്ളിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകൻ പിടിയിലായി. ഡിഎംകെ ജനറൽ കൗൺസിൽ അംഗം കെ ബാലകൃഷ്‌ണന്റെ വലതു ചെവിയാണ് അക്രമി സംഘം അറുത്തുമാറ്റിയത്. സംഭവത്തിൽ ടിവികെ പ്രവർത്തകനായ ഭവാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കാളിയായ അജിത്ത് എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രി മരക്കാണത്തിന് സമീപമുള്ള ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു സംഭവം. അദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ഭവാനിഷും അജിത്തും ചേർന്ന് ആക്രമിക്കുകയായിരുന്നു. കത്തിയുപയോഗിച്ച് കവിളിൽ കുത്തുകയും തുടർന്ന് വലതു ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വടികൊണ്ടും ഇവർ ബാലകൃഷ്ണനെ ക്രൂരമായി മർദിച്ചു. ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

തിണ്ടിവനം മണ്ഡലത്തിലെ വിസികെ സ്ഥാനാർത്ഥി വന്നിയരശിന് വേണ്ടി ബാലകൃഷ്ണൻ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടിവികെ പ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ കനഗ ചെട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ബാലകൃഷ്ണൻ. പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കണമെന്ന് വിസികെ സ്ഥാനാർത്ഥി വന്നിയരശ് ആവശ്യപ്പെട്ടു.

Also read: