മാംസാഹാരം പ്രസാദമായി നൽകുന്ന കാളി ക്ഷേത്രത്തിൽ ദർശനം നടത്തി മോദി
കൊൽക്കത്ത: ബംഗാളിലെ ഭക്ഷണരീതികളെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ, മാംസാഹാരം പ്രസാദമായി നൽകുന്ന കൊൽക്കത്തയിലെ പ്രശസ്തമായ തന്തോനിയ കാളിബാരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്ക് മുൻപാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.
300 വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കാളിദേവിയെ ‘മാ സിദ്ധേശ്വരി’ ആയാണ് ആരാധിക്കുന്നത്. ഇന്ത്യയിൽ മാംസാഹാരം പ്രസാദമായി നൽകുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ആചാരത്തിന് പിന്നിലെ ചരിത്രം. ബ്രഹ്മാനന്ദ കേശവ് ചന്ദ്ര സെന്നിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിനിടെ ശ്രീരാമകൃഷ്ണൻ ദേവിക്ക് ‘ദാബ്-ചിംഗ്രി’ (തേങ്ങാവെള്ളത്തിൽ പാകം ചെയ്ത ചെമ്മീൻ) സമർപ്പിച്ചതായാണ് വിശ്വാസം. അദ്ദേഹത്തിന്റെ അനുയായികൾ ഈ ആചാരം ഇന്നും തുടർന്നുപോരുന്നു.
ബംഗാളിലെ ഭക്ഷണ സംസ്കാരത്തിൽ ബിജെപി ഇടപെടുമെന്നും അധികാരത്തിലെത്തിയാൽ മീനും ഇറച്ചിയും നിരോധിക്കുമെന്നുമുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾക്കുള്ള പ്രതീകാത്മകമായ മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. മറ്റ് ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനിടെ മത്സ്യം കഴിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് തൃണമൂലിന് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിന്റെ തനതായ ആചാരങ്ങളും ഭക്ഷണരീതികളും പിന്തുടരുന്ന ക്ഷേത്രത്തിൽ പ്രധാനമന്ത്രി നേരിട്ടെത്തിയത്. തന്തോനിയ കാളിബാരിക്ക് പുറമെ താക്കൂർനഗറിലെ മതുവ താക്കൂർ ബാരിയിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു.