‘സോമാലിയൻ റഫറിക്ക് തീവ്രവാദ ബന്ധം’; ഉമർ അർതാന് വിലക്കേർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ് ഭരണകൂടം
മയാമി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചത് വലിയ വിവാദമാകുന്നു. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു.
നടപടി വലിയ ചർച്ചയായതോടെ റഫറിയെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചതിനെ ന്യായീകരിച്ച് യു.എസ് ഭരണകൂടം രംഗത്തുവന്നു. ടൂർണമെന്റിനായി ഫിഫ തെരഞ്ഞെടുത്ത 52 മത്സര റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ, യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.പി.ബി) നടത്തിയ സുരക്ഷാ പരിശോധനയിൽ തീവ്രവാദ സംഘടനകളിലെ അംഗങ്ങളുമായി അർതാന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും, തുടർന്നാണ് ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി നിയമപ്രകാരം (ഐ.എൻ.എ) അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആഫ്രിക്കയിലെ മികച്ച റഫറിക്കുള്ള പുരസ്ക്‌കാരം നേടിയ അർതാൻ, ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സോമാലിയൻ റഫറിയെന്ന ചരിത്രനേട്ടത്തിന്റെ അരികിലായിരുന്നു.
ഒരു തരത്തിലുള്ള സുരക്ഷാ ഭീഷണിയെയും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഇതുതന്നെയാണ് ഭരണകൂടത്തിന്റെ അവസാന വാക്കെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേസമയം, യു.എസ് തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന നിലപാടിലാണ് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ. യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഉമർ അബ്ദുൽഖാദിർ അർതാന് 2026ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്താനോ മത്സരങ്ങൾ നിയന്ത്രിക്കാനോ കഴിയില്ലെന്ന് ഫിഫ പ്രസ്‌താവനയിൽ പറഞ്ഞു. ആതിഥേയ രാജ്യങ്ങളുടെ ഇമിഗ്രേഷൻ നടപടികളിലോ വിസ അനുമതികളിലോ ഫിഫ ഇടപെടാറില്ലെന്നും, ആർക്കൊക്കെ രാജ്യത്തേക്ക് പ്രവേശനം നൽകണമെന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം ആതിഥേയ സർക്കാറിനാണെന്നും ഫിഫ കൂട്ടിച്ചേർത്തു.
അതേസമയം, ഉമർ അർതാൻ ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളുമായാണ് യാത്ര ചെയ്തതെന്ന് സോമാലിയൻ കായിക മന്ത്രാലയത്തിന്റെ മുതിർന്ന ഉപദേശകൻ സ്ഥിരീകരിച്ചു. നേരത്തെയുണ്ടായ വിസ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അദ്ദേഹത്തിന് പ്രത്യേക നയതന്ത്ര പാസ്പോർട്ട് വരെ അനുവദിച്ചിരുന്നുവെന്ന് നൈറോബിയിലെ സോമാലിയൻ എംബസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിസ നിഷേധിച്ച നടപടിയിൽ അടിയന്തര വിശദീകരണം തേടി സോമാലിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചിട്ടുണ്ട്.
മയാമി വിമാനത്താവളത്തിൽ ഇറങ്ങിയ തന്നെ 11 മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തെന്നും, ഇസ്‌താംബൂളിലേക്കുള്ള വിമാനത്തിൽ കയറ്റി വിടുന്നതിന് മുൻപ് ഒരു ഹോൾഡിങ് സെല്ലിൽ പാർപ്പിച്ചതായും അർതാൻ ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചു. നിലവിൽ സോമാലിയയിൽ മടങ്ങിയെത്തിയ അർതാന് വലിയ രീതിയിലുള്ള സ്വീകരണമാണ് ജനം നൽകിയത്.