ചില്ലുപൊട്ടിയ കാർ, ഉള്ളിൽ താറാവും മുയലും ഒപ്പം ചുറ്റികയും കത്തിയും; ആലുവയില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍
ആലുവ: നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ ചില്ലുതകർന്ന നിലയിൽ കണ്ടെത്തിയ കാർ നാട്ടുകാരിലും പോലീസിലും പരിഭ്രാന്തി പരത്തി. കാറിനുള്ളിൽ താറാവും മുയലും കൂടാതെ ചുറ്റികയും കത്തിയും കണ്ടതാണ് ദുരൂഹത വർഘധിപ്പിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
പോലീസ് നടത്തിയ അന്വേഷണത്തിൽ കാറുടമയെ കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ രസകരമായ വസ്തുതകൾ പുറത്തുവന്നത്. ആലുവ കാസിനോ സ്വദേശിയായ ഉടമ മദ്യലഹരിയിലായിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാത്രി വളർത്തുമൃഗങ്ങളുമായി മദ്യപിക്കാനെത്തിയ ഇയാൾക്ക് കാറിൻ്റെ താക്കോൽ നഷ്ടപ്പെടുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃഗങ്ങൾക്ക് വായുസഞ്ചാരം ലഭിക്കാനായി ഉടമ തന്നെ ചില്ല് തകർക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
കാറിലുണ്ടായിരുന്ന ആയുധങ്ങൾ ഇയാളുടെ സ്ഥാപനത്തിലെ പണിസാമഗ്രികളാണെന്ന് കണ്ടെത്തി. പോലീസും വ്യാപാരികളും ചേർന്ന് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി സുരക്ഷിതമായി പെറ്റ് ഷോപ്പിലേക്ക് മാറ്റി. ഉച്ചയോടെ ബോധം തെളിഞ്ഞെത്തിയ ഉടമ കാർ കൊണ്ടുപോയതോടെയാണ് മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്ക് വിരാമമായത്.