‘ചാൾസ് രാജാവിനെ കണ്ടാൽ ഞാൻ ആദ്യം ആവശ്യപ്പെടുക ഇന്ത്യയിൽ നിന്നും തട്ടിയെടുത്ത കോഹിനൂർ വജ്രം തിരികെ നൽകാൻ’; സൊഹ്‌റാൻ മംദാനി
ന്യൂയോർക്ക്: ചാൾസ് രാജാവിനെ കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചാൽ താൻ ആദ്യം ആവശ്യപ്പെടുക ഇന്ത്യയിൽ നിന്നും കൊണ്ടുപോയ കോഹിനൂർ വജ്രം തിരികെ നൽകാൻ ആയിരിക്കുമെന്ന് പറഞ്ഞ് ന്യൂയോർക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടത്തിലെ വിലമതിക്കാനാവാത്ത രത്നമായ കോഹിനൂർ വജ്രം ഇന്ത്യക്ക് തിരികെ നൽകണമെന്ന് മംദാനി ആവശ്യപ്പെട്ടു. തനിക്ക് ചാൾസ് രാജാവിനോട് സംസാരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ആദ്യം ആവശ്യപ്പെടുക ഈ വിവാദ രത്നം അതിന്റെ യഥാർത്ഥ അവകാശികൾക്ക് വിട്ടുനൽകാനായിരിക്കും.
9/11 ആക്രമണത്തിന്റെ 25-ാം വാർഷികത്തിന് മുന്നോടിയായി ഗ്രൗണ്ട് സീറോയിൽ നടക്കുന്ന പുഷ്പചക്ര സമർപ്പണ ചടങ്ങിനിടെ രാജാവ് സംസാരിക്കാൻ എത്തിയാൽ എന്ത് പറയുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിൽ ജോർജ്ജ് ആറാമൻ രാജാവിന്റെ ഭാര്യയും എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ അമ്മയുമായ ക്വീൻ മദറിന്റെ കിരീടത്തിലാണ് ഈ വജ്രം പതിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ നീണ്ട വലിയ തർക്കങ്ങളുടെ ചരിത്രമാണ് കോഹിനൂർ വജ്രത്തിന് പറയാനുള്ളത്. ‘പ്രകാശത്തിന്റെ മല’ എന്ന് അർത്ഥമുള്ള ഈ വജ്രം പതിമൂന്നാം നൂറ്റാണ്ടിൽ ദക്ഷിണ ഇന്ത്യയിൽ നിന്നാണ് കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഇത് പല ഭരണാധികാരികളുടെ കൈകളിലൂടെ കടന്നുപോയി.
ബ്രിട്ടീഷ് ഭരണകാലത്ത് 1849-ൽ പഞ്ചാബ് പ്രവിശ്യ പിടിച്ചടക്കിയതിനെ തുടർന്നാണ് വജ്രം ബ്രിട്ടന്റെ കൈവശമെത്തുന്നത്. അന്ന് പത്ത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സിഖ് രാജാവിനെക്കൊണ്ട് നിർബന്ധിതമായി ലാഹോർ ഉടമ്പടിയിൽ ഒപ്പിടുവിച്ച് വജ്രവും രാജ്യത്തിന്റെ പരമാധികാരവും ബ്രിട്ടീഷുകാർ തട്ടിയെടുക്കുകയായിരുന്നു. ചരിത്രപരമായ ഈ അനീതി തിരുത്തണമെന്നും വജ്രം ഇന്ത്യക്ക് വിട്ടുനൽകണമെന്നുമാണ് മംദാനി ഇപ്പോൾ ആവശ്യപ്പെടുന്നത്. മംദാനിയുടെ ഈ പ്രസ്താവന രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യൻ വംശജനായ മംദാനി, ചരിത്രപരമായ തെറ്റുകൾ തിരുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഈ വജ്രത്തിന്മേൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, അത് ഇന്ത്യയുടെ മണ്ണിൽ നിന്നുള്ളതാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചാൾസ് രാജാവിന്റെ കിരീടധാരണ സമയത്തും കോഹിനൂർ വജ്രത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ ഉയർന്നു വന്നിരുന്നു. കൊളോണിയലിസം തട്ടിയെടുത്ത വസ്‌തുക്കൾ തിരികെ നൽകുന്നത് വലിയൊരു മാറ്റത്തിന് തുടക്കമിടുമെന്നും മംദാനി കൂട്ടിച്ചേർത്തു.
ഗ്രൗണ്ട് സീറോയിലെ ചടങ്ങിനെത്തിയ ചാൾസ് രാജാവിനെ മംദാനി കണ്ടുമുട്ടിയെന്ന വാർത്തയും ഏവർക്കും കൗതുകമുണർത്തി. കോഹിനൂർ വജ്രം ഇന്ത്യക്ക് തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് താൻ ആവശ്യപ്പെടുമെന്ന് മംദാനി പരസ്യമായി പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് ഇരുവരും ഗ്രൗണ്ട് സീറോയിൽ വെച്ച് കണ്ടുമുട്ടിയത്.
ചാൾസ് രാജാവും കാമില രാജ്ഞിയും മംദാനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഹസ്തദാനം നടത്തി. 77 കാരനായ രാജാവും 34 കാരനായ മംദാനിയും തമ്മിൽ ഏതാനും മിനിറ്റുകൾ സംസാരിച്ചു. സുരക്ഷാ കാരണങ്ങളാൽ മാധ്യമപ്രവർത്തകരെ അകറ്റി നിർത്തിയിരുന്നതിനാൽ ഇവർ തമ്മിലുള്ള സംഭാഷണം വ്യക്തമായി കേൾക്കാൻ സാധിച്ചില്ലെങ്കിലും, മംദാനി ചിരിച്ചുകൊണ്ടാണ് സംസാരിച്ചതെന്ന് ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.