മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ അന്തിമ തീരുമാനം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം അറിയിക്കുമെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ ഈ പദവിക്ക് ഒരുപോലെ അർഹരാണെന്നും മെറിറ്റ് കൂടി പരിഗണിച്ച് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക യോഗത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ നടപടികൾക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ നടത്തുന്ന പരസ്യമായ ശക്തിപ്രകടനങ്ങളിലും വിഭാഗീയതയിലും അദ്ദേഹം രൂക്ഷമായ അതൃപ്തി രേഖപ്പെടുത്തി. ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകില്ലെന്നും, ഗ്രൂപ്പ് പോരുകളും ശക്തിപ്രകടനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും ഹൈക്കമാൻഡ് ഒന്നടങ്കം ആവശ്യപ്പെട്ടു. നേതാക്കളുടെ വരുംദിവസങ്ങളിലെ നീക്കങ്ങൾ നിരീക്ഷിക്കുമെന്നും ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകി.
ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ, മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് വിഭാഗീയതക്കെതിരെ രംഗത്തെത്തി. തങ്ങൾക്കായി പ്രവർത്തകർ തെരുവിൽ പ്രകടനങ്ങൾ നടത്തരുതെന്നും അത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്നതാണെന്നും അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന സൂചന നൽകി ഗ്രൂപ്പ് പോരുകൾക്ക് താൽക്കാലിക അന്ത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നേതാക്കൾ.