കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ പിടിച്ചെടുക്കാൻ ഇറാൻ; ഹോർമുസ് കടലിടുക്കിൽ വൻ നീക്കം!
തെഹ്റാൻ: ആഗോള ഡിജിറ്റൽ ലോകത്തിന്റെ ജീവനാഡിയായ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അതീവ നിർണ്ണായകമായ ഏഴ് സബ്മറൈൻ കേബിളുകളുടെ മേൽ പൂർണ്ണാധികാരം സ്ഥാപിക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് ആണ് ഈ നീക്കത്തിന് പിന്നിൽ. ഇന്റർനെറ്റ് ട്രാഫിക്കിലൂടെ വരുമാനം കണ്ടെത്താനും മേഖലയിൽ തന്ത്രപരമായ മുൻതൂക്കം നേടാനുമാണ് ഇറാൻ ലക്ഷ്യമിടുന്നത്.
യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഡിജിറ്റൽ പാതയാണിത്. ഓരോ ദിവസവും ഏതാണ്ട് 10 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾ ഈ കേബിളുകളിലൂടെയുള്ള വിവരകൈമാറ്റത്തെ ആശ്രയിച്ചാണ് നടക്കുന്നത്. കേബിളുകളുടെ അറ്റകുറ്റപ്പണികൾ, സുരക്ഷ, ഡാറ്റാ ട്രാൻസിറ്റ് എന്നിവയിലൂടെ വലിയ സാമ്പത്തിക നേട്ടം കൊയ്യാമെന്ന് ഇറാൻ കണക്കുകൂട്ടുന്നു. ഇതിലുപരിയായി, കേബിളുകളുടെ നിയന്ത്രണം ലഭിക്കുന്നതോടെ ഇതിലൂടെ കടന്നുപോകുന്ന ഡാറ്റാ ട്രാഫിക്കിൽ നിരീക്ഷണം നടത്താൻ ഇറാന് സാധിക്കുമെന്നത് ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.
ഗൂഗിൾ, മെറ്റ തുടങ്ങിയ വൻകിട ടെക് കമ്പനികൾക്കും അന്താരാഷ്ട്ര ടെലികോം സേവന ദാതാക്കൾക്കും ഇറാന്റെ ഈ നീക്കം വലിയ വെല്ലുവിളിയാണ്. ഹോർമുസ് കടലിടുക്ക് വഴി ഡാറ്റ കൈമാറുന്നത് സുരക്ഷിതമാണോ എന്ന ചോദ്യം ഉയരുന്നതിനൊപ്പം, മേഖലയിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങൾ ആഗോള ഇന്റർനെറ്റ് ബന്ധം തന്നെ തകർക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിന് പുറമെ ഡിജിറ്റൽ വിവര കൈമാറ്റത്തിനും ഹോർമുസ് കടലിടുക്ക് ഒരു ‘ചോക്ക് പോയിന്റ്’ ആയി മാറുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.