സർക്കാർ അനുമതിയില്ലാതെ കന്നുകാലികളെ അറുക്കരുത്, പൊതുയിടങ്ങളിലും വിലക്ക്; ബംഗാളിൽ ബലിപെരുന്നാൾ നിയന്ത്രണങ്ങൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് മൃഗബലി നടത്തുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുതിയ ബിജെപി സർക്കാർ ഉത്തരവിറക്കി. പശു, കാള, പോത്ത്, എരുമ അല്ലെങ്കിൽ പശുക്കിടാങ്ങൾ എന്നിവയെ ബലി നൽകുന്നതിന് മുൻപായി സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻപ് നിലനിന്നിരുന്ന നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം മുനിസിപ്പാലിറ്റി ചെയർമാൻ അല്ലെങ്കിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്നിവരുടെ അംഗീകാരത്തോടൊപ്പം ഒരു സർക്കാർ വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും ഉണ്ടെങ്കിൽ മാത്രമേ കന്നുകാലികളെ അറുക്കാൻ അനുവാദം ലഭിക്കുകയുള്ളൂ. മൃഗങ്ങൾക്ക് യാതൊരുവിധ രോഗങ്ങളുമില്ലെന്നും അവ ബലിക്ക് അനുയോജ്യമാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. പൊതുസ്ഥലങ്ങളിൽ വെച്ച് മൃഗങ്ങളെ അറുക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ജനവാസ മേഖലകളിലോ പൊതുറോഡുകളിലോ വെച്ച് ഇത്തരം ചടങ്ങുകൾ നടത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷയോ അല്ലെങ്കിൽ ആയിരം രൂപ പിഴയോ ശിക്ഷയായി ലഭിക്കും.
സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനും ശുചിത്വം പാലിക്കുന്നതിനുമാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ പെരുന്നാളിന് തൊട്ടുമുൻപായി കൊണ്ടുവന്ന ഈ നിബന്ധനകൾ സാധാരണക്കാർക്കും കർഷകർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.