12/06/2026
[fontresizer_tawhidurrahmandear_widget]

‘ഇട്ട വസ്ത്രത്തെയും ബാഗിനെയുമൊക്കെയാണ് ആളുകൾ കളിയാക്കുന്നത്’;കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ സൈബർ ആക്രമണങ്ങൾക്കെതിരെ യുവതി

 ‘ഇട്ട വസ്ത്രത്തെയും ബാഗിനെയുമൊക്കെയാണ് ആളുകൾ കളിയാക്കുന്നത്’;കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ സൈബർ ആക്രമണങ്ങൾക്കെതിരെ യുവതി

കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സെഡ് ഗ്ലാസ് എറിഞ്ഞുതകർത്ത സംഭവത്തിൽ തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി യുവതി രംഗത്ത്. താൻ ധരിച്ച വസ്ത്രത്തെയും ഉപയോഗിച്ച ബാഗിനെയും മുൻനിർത്തി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അധിക്ഷേപ കമന്റുകളാണ് വരുന്നതെന്നും ഇത് മാനസികമായി ഏറെ തളർത്തുന്നുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, എന്തിനാണ് ആളുകൾ തന്നെ ഇങ്ങനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഇനി താൻ തട്ടമിട്ടതുകൊണ്ടാണോ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് അറിയില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ചില്ല് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് അങ്ങനെയൊക്കെ സംഭവിച്ചത്. ബസിലെ കണ്ടക്ടറോട് നല്ല രീതിയിൽ തന്നെയാണ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അവിടെ നിർത്താൻ പറ്റില്ലെന്ന് പറഞ്ഞ് അവർ വാശിപിടിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.

ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണിതെന്നും അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കി അവസാനിപ്പിച്ചതാണെന്നും യുവതി വ്യക്തമാക്കുന്നു. എന്നാൽ ഇന്നലെ മുതലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ബസ്സിലുണ്ടായിരുന്ന ഏതോ ഒരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുപോയിരിക്കുന്നത്. താൻ ചെയ്ത തെറ്റിനപ്പുറം വസ്ത്രധാരണത്തെ വരെ വലിച്ചിഴച്ചുള്ള ഈ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

Also read: