02/06/2026
[fontresizer_tawhidurrahmandear_widget]

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം അവസാനത്തിലേക്ക്; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

 വർഷങ്ങൾ നീണ്ട നിയമ പോരാട്ടം അവസാനത്തിലേക്ക്; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൾ റഹീമിന്റെ തടവുശിക്ഷാ കാലാവധി ഈ വരുന്ന ചൊവ്വാഴ്ച (മെയ് 19) അവസാനിക്കും. എന്നാൽ, വ്യാഴാഴ്ച മുതൽ സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി അതിനുശേഷമേ അദ്ദേഹം ജന്മനാട്ടിൽ തിരിച്ചെത്തുകയുള്ളൂവെന്ന് അബ്ദുൾ റഹീം നിയമസഹായ സമിതി അറിയിച്ചു. രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ റഹീം മോചിതനായി എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബവും കേരളക്കരയും.

മലയാളികൾ ലോകമെമ്പാടുനിന്നും ഒത്തുചേർന്ന് നടത്തിയ സമാനതകളില്ലാത്ത ജനപങ്കാളിത്തത്തോടെയുള്ള നിയമപോരാട്ടമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തുന്നത്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ അകപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്നാണ് 34 കോടി രൂപ ‘ദിയാധനം’ (രക്തപ്പണം) സമാഹരിച്ചു നൽകിയത്. ദിയാധനം സ്വീകരിച്ച് ബാലന്റെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായെങ്കിലും, മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. 20 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് റഹീം ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങുന്നത്.

അതേസമയം, റഹീമിന്റെ തിരിച്ചുവരവ് വലിയ രീതിയിൽ ആഘോഷമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സൗദി അറേബ്യ എന്ന രാജ്യത്തെയോ അവിടുത്തെ നിയമവ്യവസ്ഥയെയോ ഇകഴ്ത്തി സംസാരിക്കരുതെന്നും നിയമസഹായ സമിതി പ്രത്യേകം ഓർമ്മിപ്പിച്ചു. അത്തരം പരാമർശങ്ങൾ കേസിന്റെ അന്തിമ നടപടികളെ ദോഷകരമായി ബാധിച്ചേക്കാം. റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച അക്കൗണ്ടിൽ നിലവിൽ പതിനൊന്നര കോടി രൂപ ബാക്കിയുണ്ടെന്നും, അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷം ഈ തുക എന്ത് ചെയ്യണമെന്ന് സംയുക്തമായി ആലോചിച്ച് തീരുമാനിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.

Also read: