12/06/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ല എന്നാണ് മുൻ അനുഭവം’; വി. കുഞ്ഞികൃഷ്ണൻ

 ‘പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ല എന്നാണ് മുൻ അനുഭവം’; വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി നിയുക്ത പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ കടുത്ത പ്രതികരണം. തോറ്റാലും തെറ്റ് തിരുത്താൻ സിപിഎം തയ്യാറാകില്ലെന്നാണ് മുൻ അനുഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കേവലം ജയിക്കാൻ വേണ്ടി മാത്രമായിരുന്നില്ലെന്നും പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു അതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്നാൽ ജനങ്ങൾ തന്നെ കൈവിട്ടില്ലെന്നും ഈ ജനവിധി വലിയൊരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ഇനിയൊരു തിരുത്തൽ പ്രക്രിയ എത്രത്തോളം സാധ്യമാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്. മുൻ അനുഭവങ്ങളിൽ നിന്നും തനിക്ക് വ്യക്തമാവുന്നത് നേതൃത്വം തെറ്റുകൾ തിരുത്താൻ തയ്യാറാവില്ല എന്ന് തന്നെയാണ്. ഇതിനുമുമ്പ് മൂന്നുതവണ തെറ്റ് തിരുത്തൽ രേഖ പാർട്ടി ഔദ്യോഗികമായി അംഗീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തതാണ്. പക്ഷേ അതുകൊണ്ടൊന്നും ഒരു മാറ്റവും താഴേത്തട്ടിൽ ഉണ്ടായിട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ വിമർശിച്ചു.

സംസ്ഥാനത്ത് ഉണ്ടായ കനത്ത ജനവിധി മുൻനിർത്തി പാർട്ടിയിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന സൂചനയും അദ്ദേഹം നൽകി. ജനവിധി ഇങ്ങനെയായ സാഹചര്യത്തിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിണറായി വിജയന് പകരം പുതിയ ഒരാൾ ആകാമായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വി. കുഞ്ഞികൃഷ്ണൻ തുറന്നുപറഞ്ഞു.

മറ്റു പാർട്ടികളിലേക്കൊന്നും പോവില്ലെന്നും എന്നും ഒരു ഇടതുപക്ഷക്കാരനായും കമ്മ്യൂണിസ്റ്റുക്കാരനായും തുടരാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read: