‘ഇന്ത്യൻ ഹോക്കി കളിക്കാരന്റെ 15 ശതമാനം ഫിറ്റ്നസ് പോലും ക്രിക്കറ്റ് താരങ്ങൾക്കില്ല’; തുറന്നുപറഞ്ഞ് വിരാട് കോലി
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനൊപ്പം വിരാട് കോലി.
ബംഗളൂരു: ഇന്ത്യൻ കായിക ലോകത്ത് എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമത. ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യവും ശ്രദ്ധയും നൽകുന്ന താരമാണ് വിരാട് കോലി. ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ത്യൻ ഹോക്കി താരങ്ങളാണ് തങ്ങളേക്കാൾ എത്രയോ മുകളിലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ആർസിബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിന്റെ മൂന്നാമത് പതിപ്പിൽ സംസാരിക്കുമ്പോഴാണ് കോലി ഈ യാഥാർത്ഥ്യം തുറന്നു സമ്മതിച്ചത്.
നമ്മൾ എത്രയൊക്കെ ഫിറ്റ്നസിനെക്കുറിച്ച് സംസാരിച്ചാലും, സത്യസന്ധമായി പറഞ്ഞാൽ ഒരു ഇന്ത്യൻ ഹോക്കി കളിക്കാരന്റെ 15 ശതമാനം ഫിറ്റ്നസ് പോലും ക്രിക്കറ്റ് താരങ്ങളായ നമുക്കില്ലെന്നാണ് കോലി വ്യക്തമാക്കിയത്. ഹോക്കി താരങ്ങൾ തങ്ങളുടെ ക്രിക്കറ്റ് ട്രെയിനിങ് സെഷനുകൾ വന്ന് കണ്ടാൽ അവർ തീർച്ചയായും ചിരിക്കുമെന്നും, കാരണം ഹോക്കി എന്ന കായികവിനോദം ആവശ്യപ്പെടുന്ന ശാരീരികക്ഷമത അത്രത്തോളം കഠിനമാണെന്നും കോലി കൂട്ടിച്ചേർത്തു. പലരും ഫിറ്റ്നസിനെ എന്തോ അസാധാരണമായ കാര്യമായാണ് കാണുന്നത്, എന്നാൽ തന്നെ സംബന്ധിച്ച് അത് ചെയ്യുന്ന ജോലിയുടെ ഭാഗം മാത്രമാണെന്നും അതിനെ പ്രത്യേകമായി ആഘോഷിക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ രാജ്യത്ത് ക്രിക്കറ്റിന് അമിത പ്രാധാന്യം നൽകുന്നത് കാരണം മറ്റ് കായിക ഇനങ്ങളെ പലപ്പോഴും അവഗണിക്കാറുണ്ടെന്നും കോലി ചൂണ്ടിക്കാണിച്ചു.
വിരാട് കോലിയെപ്പോലെ ആഗോളതലത്തിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ മാതൃകയായ ഒരു താരം ഹോക്കി കളിക്കാരുടെ കഠിനാധ്വാനത്തെ പരസ്യമായി അംഗീകരിച്ചത് ഇന്ത്യൻ ഹോക്കി സമൂഹത്തിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോലിയുടെ വാക്കുകളോട് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, മുൻ നായകൻ മൻപ്രീത് സിംഗ്, വൈസ് ക്യാപ്റ്റൻ ഹാർദിക് സിംഗ് എന്നിവർ ഏറെ നന്ദിയോടെയാണ് പ്രതികരിച്ചത്. അടുത്തിടെ ഒരു ചടങ്ങിൽ വെച്ച് കോലിയുമായി നടത്തിയ കൂടിക്കാഴ്ച ഹർമൻപ്രീത് സിംഗ് ഓർത്തെടുത്തു. ഹോക്കിയിലെ ഫിറ്റ്നസ് മാനദണ്ഡങ്ങളെക്കുറിച്ചും യോ-യോ ടെസ്റ്റിനെക്കുറിച്ചും കോലി തന്നോട് ചോദിച്ചിരുന്നുവെന്നും, ഹോക്കിയിലെ ഗോൾകീപ്പർമാർ പോലും യോ-യോ ടെസ്റ്റിൽ 20-ന് മുകളിൽ സ്കോർ ചെയ്യാറുണ്ടെന്ന് പറഞ്ഞപ്പോൾ കോലി അത്ഭുതപ്പെട്ടുപോയെന്നും ഹർമൻപ്രീത് പറഞ്ഞു.
ഹോക്കി ലോകത്തെ ഏറ്റവും വേഗതയേറിയതും കഠിനവുമായ കളിയാണെന്ന് ലോകത്തിന് മുന്നിൽ കോലി വിളിച്ചുപറഞ്ഞത് വലിയ കാര്യമാണെന്ന് ഹർമൻപ്രീത് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ റോൾ മോഡലായ കോലി തങ്ങളുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതിൽ ഹോക്കി ഇന്ത്യയും നന്ദി അറിയിച്ചു. ഒളിമ്പിക്സ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ 11 ദിവസത്തിനുള്ളിൽ 7 മത്സരങ്ങൾ വരെ ചുരുങ്ങിയ സ്ക്വാഡുമായി കളിക്കേണ്ടി വരാറുണ്ടെന്നും, അതിന് അതിമാനുഷികമായ ഫിറ്റ്നസും റിക്കവറിയും ആവശ്യമാണെന്നും മിഡ്ഫീൽഡർ ഹാർദിക് സിംഗ് വ്യക്തമാക്കി. മുൻപ് മെന്റൽ കണ്ടീഷണൽ വിദഗ്ദ്ധനായ പാഡി അപ്ടണും ഇന്ത്യൻ ഹോക്കി ടീമിൽ 18 വിരാട് കോലിമാരുണ്ടെന്ന് വിശേഷിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.