‘സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിൽ’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജൂൺ 4-ന് സമരം നടത്തുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 11 ദിവസത്തിനിടെ 8 രൂപയാണ് ഇന്ധനത്തിന് വർധിച്ചത്. ഇന്ധനവില കൂടിയതോടെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിക്കുകയും സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും പ്രതിസന്ധിയിലാവുകയും ചെയ്തു. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാല് തവണ വില വർധന ഉണ്ടായിട്ടും മൗനം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജൂൺ നാലിന് ജില്ലാ, ഏരിയാ തലങ്ങളിൽ സിപിഐഎം സമരം നടത്തും.
എംജി സർവകലാശാലയിൽ സംഘപരിവാർ നേതാവിനെ വിസിയാക്കിയതിനെ ഗോവിന്ദൻ പരിഹസിച്ചു. വിസി പട്ടിക യഥാസമയം നൽകാതെ യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്നും, യുഡിഎഫ് പിന്തുണയോടെ ഗവർണർ കാവിവൽക്കരണത്തിന് കരുക്കൾ നീക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സണ്ണി ജോസഫിന്റെ ബന്ധു നിയമനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.