‘പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല, അത് സിപിഐക്ക് അവകാശപ്പെട്ടത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കൽ അനിവാര്യം’- ബിനോയ് വിശ്വം
തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവെക്കൽ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്നും, മാറേണ്ട സാഹചര്യത്തിൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി മര്യാദയനുസരിച്ച് അവ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തമാക്കാനാണ്. മുഖ്യമന്ത്രിപദം പോലും വേണ്ടെന്നുവെച്ച ചരിത്രമുള്ള സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒരു വലിയ കാര്യമല്ലെന്നും, എന്നാൽ മുന്നണിക്കുള്ളിൽ ആ ജനാധിപത്യബോധം ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇക്കാര്യം പരസ്യമായല്ല, മറിച്ച് കത്തുകൾ മുഖേന സിപിഐഎമ്മിനെ ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്നും അതിന് മറുപടി ലഭിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തന്നെ ഫോണിൽ വിളിച്ചിരുന്നതായും വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, കുടിക്കാനും കൃഷിക്കും വെള്ളമില്ലാത്ത സാഹചര്യത്തിൽ ഒന്നാം സ്ഥാനം കുടിവെള്ളത്തിനാണെന്നും ബ്രൂവറിക്കല്ലെന്നും മുൻപ് നിലപാടെടുത്ത സിപിഐ ആണ് പാലക്കാട് ബ്രൂവറി വരാതിരിക്കാൻ കാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.