‘ഒരു മസ്ജിദിനകത്ത് കണ്ട കാഴ്ചകൾ എന്റെ മനസ് മാറ്റി; അവിടെ സെലിബ്രിറ്റിയില്ല, വലിയവനും ചെറിയവനുമില്ല, എല്ലാവരും ഒരേ നിരയിൽ’-ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് നടൻ ജയ് സമ്പത്ത് | Actor Jai Islam
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ജയ് സമ്പത്ത്(Actor Jai Islam). താരത്തിന്റെ മതംമാറ്റവുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താൻ ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ജയ്. പലയിടങ്ങളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളും അപമാനങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് താരം വെളിപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ സി. ജോസഫ് വിജയ്യുടെ സഹനടനായി സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ട താരം, ഗലാട്ട പ്ലസിന് നൽകിയ പുതിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിപരമായ അനുഭവങ്ങളും ആത്മീയയാത്രയും പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ ജയ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തുടക്കത്തിൽ ഇവ വെറും കിംവദന്തികൾ മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു താരം ചെയ്തത്. പിന്നീട് താൻ ഇസ്ലാം വിശ്വാസം പിന്തുടരുന്നതായി പരസ്യമായി സമ്മതിക്കുകയും ചെയ്തു. 2011 മുതൽ താൻ ഇസ്ലാം മതം പിന്തുടരുന്നുണ്ടെന്നും തന്റെ സിനിമകളുടെ പരാജയമോ കരിയറിലെ തകർച്ചയോ അല്ല ഈ തീരുമാനത്തിന് പിന്നിലെന്നും ജയ് വ്യക്തമാക്കുന്നു. കരിയറിലെ ഉയർച്ച താഴ്ചകൾ പൂർണമായും വ്യക്തിപരമായ അനുഭവങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ആത്മീയ അന്വേഷണങ്ങളെക്കുറിച്ച് ജയ് പറയുന്നത് ഇങ്ങനെയാണ്: ‘ഞാൻ എല്ലാ ദൈവങ്ങളെയും ഒരുപോലെ കാണാനാണ് ആഗ്രഹിച്ചത്. അതിനായി ശബരിമല തീർത്ഥാടനത്തിനായി മാലയിട്ടു. പിന്നീട് ഒരു വർഷത്തോളം യേശുക്രിസ്തുവിന്റെ ജപമാല ധരിച്ച് നോമ്പെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ ചില ക്ഷേത്രങ്ങളിൽ വെച്ച് എനിക്ക് അപ്രതീക്ഷിതമായ ചില അപമാനങ്ങൾ നേരിടേണ്ടി വന്നു. അവിടെയുണ്ടായ സാഹചര്യങ്ങൾ എന്നെ മാനസികമായി അസ്വസ്ഥനാക്കി. ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.’
ഈ സാഹചര്യത്തിലാണ് ജയ് ഒരു മസ്ജിദ് സന്ദർശിക്കുന്നത്. ആ അനുഭവം അദ്ദേഹത്തിന്റെ ചിന്തകളെ പാടേ മാറ്റിമറിച്ചു. ‘ഞാൻ ആദ്യമായി ഒരു പള്ളിയിൽ പോയപ്പോൾ അവിടെ എല്ലാവരും ഒരേ വരിയിൽനിന്ന് പ്രാർത്ഥിക്കുന്നത് കണ്ടു. ഞാനൊരു സിനിമാ നടനാണെന്ന് അവിടെയുള്ള എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ പള്ളിക്കുള്ളിൽ വെച്ച് ആരും എന്നോട് സംസാരിക്കാനോ സെൽഫിയെടുക്കാനോ വന്നില്ല. പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് അവർ എന്നോട് സംസാരിച്ചത്. അതും വളരെ മാന്യമായും സ്നേഹത്തോടെയും മാത്രം. പള്ളിക്കുള്ളിൽ എല്ലാവരും തുല്യരാണെന്ന ബോധ്യം എന്നെ ശക്തമായി സ്വാധീനിച്ചു,’ ജയ് പറഞ്ഞു.
മസ്ജിദിനുള്ളിൽ ദൈവത്തിന് മാത്രമാണ് പരമാധികാരമെന്നും അവിടെ എത്തുന്ന സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാർത്ഥിക്കാനും ദൈവത്തോട് ആവശ്യപ്പെടാനുമുള്ള പൂർണമായ സ്വാതന്ത്ര്യവും സമയവും അവിടെ ലഭിക്കുന്നു. ആരും നമ്മളെ തള്ളിമാറ്റുകയോ അവിടെനിന്ന് പോകാൻ നിർബന്ധിക്കുകയോ ചെയ്യില്ല. എത്ര സമയം വേണമെങ്കിലും പ്രാർത്ഥിക്കാം. അതൊരു യോഗ ചെയ്യുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ഇസ്ലാം പിന്തുടരാൻ തുടങ്ങിയതോടെ തന്റെ സ്വഭാവത്തിലും നല്ല മാറ്റങ്ങൾ ഉണ്ടായെന്നും താരം വെളിപ്പെടുത്തി.
2019-ൽ വികടന് നൽകിയ അഭിമുഖത്തിലും താൻ ഇസ്ലാമിൽ വിശ്വസിക്കുന്നതായി ജയ് പറഞ്ഞിരുന്നു. യാതൊരു ദൈവത്തിലും വിശ്വസിക്കാതിരുന്ന കുട്ടി ഇപ്പോൾ ഏതെങ്കിലും ഒരു ദൈവത്തെയെങ്കിലും ആരാധിക്കുന്നുണ്ടല്ലോ എന്നോർത്ത് വീട്ടുകാർ സന്തോഷത്തിലാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മതം മാറിയെങ്കിലും ജയ് ഇതുവരെ തന്റെ പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ല. എന്നാൽ തന്റെ പേര് ‘അസീസ് ജയ്’ എന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
2002ൽ എ. വെങ്കിടേഷ് സംവിധാനം ചെയ്ത ‘ഭഗവതി’ എന്ന ചിത്രത്തിലൂടെയാണ് ജയ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ വിജയ്യുടെ അനിയന്റെ വേഷമാണ് താരം ചെയ്തത്. പിന്നീട് ചെന്നൈ 600028, സുബ്രഹ്മണ്യപുരം, ഗോവ, എങ്കേയും എപ്പോതും, രാജാ റാണി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. ബാബു വിജയ് സംവിധാനം ചെയ്ത ‘സട്ടേന്ദ്രു മാറുതു വാനിലൈ’ എന്ന ചിത്രത്തിലാണ് ജയ് അവസാനമായി അഭിനയിച്ചത്. കരിയറിൽ വലിയ വിജയങ്ങൾ നേടാനായില്ലെങ്കിലും തന്റെ ആത്മീയ ജീവിതത്തിൽ താൻ പൂർണസംതൃപ്തനാണെന്ന് ജയ് അടിവരയിടുന്നു.