10/06/2026
[fontresizer_tawhidurrahmandear_widget]

പഠിക്കാൻ പ്രായമൊരു തടസ്സമല്ല; സ്കൂൾ യൂണിഫോമണിഞ്ഞ് പുസ്തകസഞ്ചിയുമായി ഒന്നാം ക്ലാസിലേക്ക് 72 കാരനും കൂട്ടുകാരും, ഉത്തർപ്രദേശിൽ നിന്നൊരു അപൂർവ്വ കാഴ്ച്ച

 പഠിക്കാൻ പ്രായമൊരു തടസ്സമല്ല; സ്കൂൾ യൂണിഫോമണിഞ്ഞ് പുസ്തകസഞ്ചിയുമായി ഒന്നാം ക്ലാസിലേക്ക് 72 കാരനും കൂട്ടുകാരും, ഉത്തർപ്രദേശിൽ നിന്നൊരു അപൂർവ്വ കാഴ്ച്ച

ലക്നൗ: ജീവിതത്തിന്റെ എഴുപതുകളിലും പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി സ്കൂൾ യൂണിഫോമും ധരിച്ച് കൈയിൽ പുസ്തകസഞ്ചിയുമായി ഒരു പറ്റം മുത്തശ്ശന്മാർ ഒന്നാം ക്ലാസിലേക്ക് നടന്നുനീങ്ങുന്ന അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ജലൗൺ ജില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജലൗൺ ജില്ലയിലെ ഛാനി ഖാസ് എന്ന ഗ്രാമത്തിലെ എഴുപത്തിരണ്ടുകാരനായ കർഷകൻ വൻശ ഗോപാൽ ശുക്ല തന്റെ പുത്തൻ പിങ്ക് വരയുള്ള ഫുൾ സ്ലീവ് ഷർട്ടും ബ്രൗൺ പാന്റ്സുമടങ്ങുന്ന സ്കൂൾ യൂണിഫോം ധരിച്ച്, പുസ്തകങ്ങളും സ്കൂൾ ബാഗുമെടുത്ത് ജീവിതത്തിൽ ആദ്യമായി ഒരു ക്ലാസ് മുറിയിലേക്ക് കാലെടുത്തുവെച്ചത്. വൻശ ഗോപാലിനൊപ്പം ആ ഗ്രാമത്തിലെ തന്നെ മറ്റ് എട്ട് മുതിർന്ന പൗരന്മാർ കൂടിയാണ് ഇത്തരത്തിൽ പ്രാദേശിക സർക്കാർ പ്രൈമറി സ്കൂളിലും ജൂനിയർ ഹൈസ്കൂളിലുമായി പഠനത്തിനായി ചേർന്നത്.

കുട്ടിക്കാലത്ത് പഠിക്കാൻ കഴിയാതെ പോയ അക്ഷര വെളിച്ചം പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തമാക്കാൻ ഉറച്ചാണ് ഈ പ്രായത്തിലും ഇവർ വിദ്യാലയത്തിന്റെ പടവുകൾ കയറിയത്. ക്ലാസ് മുറിയിൽ നാലും അഞ്ചും ക്ലാസുകളിലെ കൊച്ചുകുട്ടികൾക്കൊപ്പം നിലത്തിരുന്ന് പഠിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ പ്രദേശവാസികളിൽ വലിയ കൗതുകവും ആദരവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രായത്തിൽ സ്കൂൾ യൂണിഫോം ധരിക്കാനും ബാഗ് ചുമക്കാനും ആദ്യം ചെറിയ രീതിയിൽ മടി തോന്നിയിരുന്നെങ്കിലും അയൽക്കാരെല്ലാം ഒരുമിച്ച് ഇറങ്ങിയതോടെ ആ മടിയെല്ലാം പമ്പകടന്നുവെന്ന് അറുപത്തിയേഴുകാരനായ മറ്റൊരു വിദ്യാർത്ഥി ഭുലായ് പ്രതികരിച്ചു. പ്രായമായതിനാൽ ഇപ്പോൾ താൻ ജോലിക്കൊന്നും പോകാറില്ലെന്നും വീട്ടിലിരിക്കുന്ന സമയത്ത് പഠിക്കാൻ കുടുംബാംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമത്തിൽ എത്തിയ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇത്തരമൊരു ആശയം രൂപപ്പെടുന്നത്. തങ്ങൾ നിരക്ഷരരായതുകൊണ്ട് തന്നെ സർക്കാർ ആനുകൂല്യങ്ങൾക്കും ക്ഷേമപദ്ധതികൾക്കും അപേക്ഷിക്കുമ്പോൾ രേഖകൾ വായിക്കാനോ ഒപ്പിടാനോ കഴിയാതെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും എല്ലായിടത്തും വിരലടയാളം പതിക്കേണ്ടി വരുന്നുണ്ടെന്നും ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പ്രായത്തിലും നിങ്ങൾക്ക് പഠിച്ചുതുടങ്ങിക്കൂടേ എന്ന് ഒരു ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്നത്. തുടർന്ന് നിരക്ഷരരായി മരിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കി ഇവർ സ്കൂളിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് പഠിക്കാൻ താല്പര്യമുള്ള മുതിർന്ന ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും ഒരു യോഗം ഗ്രാമത്തിൽ വിളിച്ചുചേർത്തു. കേന്ദ്ര സർക്കാർ ധനസഹായത്തോടെ മുതിർന്നവർക്കായി നടപ്പിലാക്കുന്ന ‘നവ് ഭാരത് സാക്ഷരതാ കാര്യക്രം’എന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് ഇവരെ ഇപ്പോൾ പഠിപ്പിക്കുന്നത്.

അറുപതുകാരിയും രണ്ട് മുതിർന്ന കുട്ടികളുടെ അമ്മയുമായ കിരൺ എന്ന സ്ത്രീയും ഈ പ്രായത്തിൽ സ്കൂളിൽ പോകുന്നുണ്ട്. കുട്ടിക്കാലത്ത് കുടുംബം പുലർത്താൻ വേണ്ടി ജോലിക്ക് പോകേണ്ടി വന്നതിനാൽ പഠനം നഷ്ടമായവർക്ക് സർക്കാർ ഒരുക്കിയ ഈ സംവിധാനം വളരെ മികച്ചതാണെന്ന് ഗ്രാമത്തലവൻ പറഞ്ഞു. തിങ്കളാഴ്ച ഇവർ സ്കൂളിൽ എത്തിയപ്പോൾ അധ്യാപകരും കുട്ടികളും ചേർന്ന് മാലയിട്ടും കൈയടിച്ചും വൻ സ്വീകരണമാണ് നൽകിയത്. ഇവർക്കായി സ്കൂളിൽ പ്രത്യേക അറ്റൻഡൻസ് രജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. ജലൗൺ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും ഐഎഎസ് ഉദ്യോഗസ്ഥനുമായ റിങ്കു സിംഗ് റാഹിയാണ് ഇവർക്കായുള്ള സ്കൂൾ യൂണിഫോമുകൾ വ്യക്തിപരമായി ഒരുക്കി നൽകിയത്.

അസിസ്റ്റന്റ് ബേസിക് എജ്യുക്കേഷൻ ഓഫീസർ ഗ്യാൻ പ്രകാശ് അവസ്തി നൽകുന്ന വിവരമനുസരിച്ച് ദേവി ദീൻ (60), മിസ്രിലാൽ (65), വൻശ ഗോപാൽ (72), ഭുലായ് (70), കിരൺ (60), ടിക്കാറാം (69), രാം മൂർത്തി (66) എന്നിവരെ പ്രൈമറി സ്കൂളിലും; കൽക്ക (78), രാജ്ദുലൈയ (78) എന്നിവരെ ജൂനിയർ ഹൈസ്കൂളിലുമാണ് ചേർത്തിരിക്കുന്നത്. വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് ദിവസം ഇവർ ക്ലാസുകളിൽ പങ്കെടുത്തു. ജൂണിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഈ മുതിർന്ന കുട്ടികളെ കൊച്ചുകുട്ടികൾക്കൊപ്പം ഇരുത്തി പഠിപ്പിക്കണമോ അതോ പ്രത്യേക ക്ലാസുകൾ ഒരുക്കണമോ എന്ന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശം തേടുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണ കുമാർ വ്യക്തമാക്കി.

മുതിർന്ന പൗരന്മാർ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഭരണകൂടം ഇതിനായുള്ള ക്രമീകരണങ്ങൾ ചെയ്തതെന്നും പഠിതാക്കളുടെ എണ്ണം കൂടുകയാണെങ്കിൽ ഇവർക്കായി പ്രത്യേക ക്ലാസുകൾ തന്നെ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ റിങ്കു സിംഗ് റാഹി അറിയിച്ചു. വിദ്യാഭ്യാസം എന്നത് വെറുമൊരു ജോലി സമ്പാദിക്കാൻ മാത്രമല്ല, മറിച്ച് അത് ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്താൻ കൂടിയുള്ളതാണെന്ന വലിയ സന്ദേശം പുതിയ തലമുറയിലെ കുട്ടികൾക്ക് നൽകാൻ കൂടിയാണ് ഈ മാതൃകാപരമായ പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

Also read: