ഹിജാബ് ധരിക്കാത്തവരെ ജയിലിലടച്ചു: താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്.
ഇസ്‌ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് താലിബാനും പൊലീസും സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് താലിബാന്‍ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹെരാത്ത് നഗരത്തില്‍ വലിയ രീതിയിലുള്ള സ്ത്രീകളുടെ പ്രതിഷേധം ഉണ്ടായത്. തുടർന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വടികളും ചാട്ടവാറുകളും തോക്കുകളും ഉപയോഗിച്ചതായി നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍, പ്രതിഷേധത്തിനിടെ ആരും മരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുത്തതായും ഹിജാബ് പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പൊലീസ് വ്യക്തമാക്കി. ‘ദൈവിക കടമയായി കണക്കാക്കടുന്ന ഹിജാബിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ്’ പ്രതിഷേധക്കാരുടെ ശ്രമമെന്നും പൊലീസ് ആരോപിച്ചു. താലിബാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.