കോളജുകളിൽ ഹിജാബ് അനുവദിച്ചതിനെതിരെ കാവി ഷാൾ പ്രതിഷേധം; ബിജെപി എംഎൽഎ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. സർക്കാർ തീരുമാനത്തിനെതിരെ കാവി ഷാൾ വിതരണം ചെയ്ത് പ്രതിഷേധിച്ച ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയപുരയിലെ ദർബാർ കോളേജിന് സമീപത്താണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എംഎൽഎയെയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാൻ അനുമതി നൽകിയതിനെതിരെ സംസ്ഥാനവ്യാപകമായി ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അറസ്റ്റ്.
അനുയായികൾക്കൊപ്പം ദർബാർ കോളേജ് പരിസരത്ത് എത്തിയ യത്‌നാൽ, വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്യാനും അത് ധരിച്ച് ക്യാമ്പസിലേക്ക് കയറ്റാനും ശ്രമിക്കുകയായിരുന്നു. എന്നാൽ കോളേജ് അധികൃതരും പോലീസും ഇത് തടഞ്ഞതോടെ വലിയ രീതിയിലുള്ള തർക്കം ഉടലെടുത്തു.
തുടർന്ന് യത്‌നാലിന്റെ അനുയായികളും പോലീസും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് സർക്കാരിനെതിരെ പ്രവർത്തകർ ശക്തമായ മുദ്രാവാക്യം വിളികളോടെ രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.
പ്രതിഷേധം അനിയന്ത്രിതമായതോടെ പോലീസ് യത്‌നാലിനെയും നിരവധി പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റി. ഈ സമയം ബിജെപി പ്രവർത്തകർ പോലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ച് പോലീസ് ഇവരെ നീക്കുകയായിരുന്നു.
കോൺഗ്രസ് സർക്കാർ മുസ്‌ലിം പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് അറസ്റ്റിന് മുന്നോടിയായി യത്‌നാൽ ആരോപിച്ചു. സ്‌കൂളുകളിൽ ഹിജാബ് അനുവദിക്കുകയാണെങ്കിൽ ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാളും തിലകവും ചാർത്തി എത്താൻ തങ്ങൾ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാവി ഷാൾ ധരിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് വിടുമ്പോൾ കാവി ഷാൾ ധരിപ്പിച്ച് വിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഭവത്തെ തുടർന്ന് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ വിജയപുരയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.