‘സംവരണം അവസാനിപ്പിക്കലാണ് ബിജെപിയുടെ യഥാർഥ ലക്ഷ്യം, ഭൂരിപക്ഷത്തിനായി അമിത് ഷാ പാർട്ടികളെ വിഭജിച്ചുക്കുന്നു’ -ജയ്റാം രമേശ്
ജയ്റാം രമേശ്
ന്യൂഡൽഹി: ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിലെ യഥാർഥവും ആത്യന്തികവുമായ ലക്ഷ്യം സംവരണം ഇല്ലാതാക്കലാണെന്ന് കോൺഗ്രസ്. ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യമായ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം.
സ്ത്രീ സംവരണത്തിന്റെ മറവിൽ അതിർത്തി നിർണയം നടത്താനാണ് ഭരണകക്ഷിയുടെ ശ്രമം. പിന്നാലെ സംവരണം പൂർണമായും അവസാനിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ജയ്റാം രമേശ് പറഞ്ഞു. സ്ത്രീ സംവരണം നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 2029ലെ പൊതു തെരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ നിലവിലെ 543 അംഗത്തിൽ നാരീ ശക്തി വന്ദൻ അധിനിയം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അവരുടെ യഥാർഥ ലക്ഷ്യം എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം നിർത്തലാക്കുക എന്നതാണ്, അല്ലാതെ വനിത സംവരണമല്ല. വനിതാ സംവരണമാണെങ്കിൽ നിലവിലെ 543 സീറ്റിൽ വനിത സംവരണം നടപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു’ -ജയ്‌റാം രമേശ് പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിയ 400 പാർ മുദ്രാവാക്യത്തെയും ജയ്റാം രമേശ് വിമർശിച്ചു. തൃണമൂൽ കോൺഗ്രസിനെയും ശിവസേന ഉദ്ധവ് പക്ഷത്തെയും പിളർത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിച്ചു. ഭരണഘടന ഭേദഗതി ചെയ്യാനും സംവരണം അവസാനിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയായിരുന്നു ബി.ജെ.പിയുടെ ‘400 പാർ’ മുദ്രാവാക്യമെന്ന കോൺഗ്രസിന്റെ നിലപാട് ശരിവെക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്വയം പ്രഖ്യാപിത ചാണക്യൻ ഏപ്രിൽ 17ന് ലോക്‌സഭയിൽ നേരിട്ട അപമാനമാണ് പ്രതിപക്ഷ നിരയിലെ കൂറുമാറ്റത്തിന് ഏക കാരണം. മൂന്ന് ഡീലിമിറ്റേഷൻ ബില്ലുകൾ പാസാക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഗ്ദാനം ചെയ്തു. എന്നാൽ, ലോക്‌സഭയിൽ അദ്ദേഹത്തിന് 298 വോട്ടുകളിൽ കൂടുതൽ നേടാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നിരയിലെ കൂറുമാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനോട് ജയ്റാം രമേശ് പ്രതികരിച്ചു.
അമിത് ഷാ ടി.എം.സിയെ തകർത്തു. ശിവസേനയെ തകർക്കുന്നു. ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിന് അംഗങ്ങൾക്കായുള്ള അന്വേഷണത്തിലാണ് ബി.ജെ.പി. 2024ലെ കോൺഗ്രസിന്റെ പ്രചാരണം സത്യമാകുന്നതായും ജയ്‌റാം രമേശ് പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അമിത് ഷാ പാർട്ടികളെ വിഭജിച്ചുകൊണ്ടിരിക്കുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ പ്രതിപക്ഷം ഡിലിമിറ്റേഷൻ ബില്ലിനെതിരെയാണ് വോട്ട് ചെയ്തതെന്നും വനിത സംവരണ ബില്ലിനെതിരെ അല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ബി.ജെ.പി ഭരണഘടന ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്നു. അവർക്ക് ഈ ഭരണഘടനയോട് എപ്പോഴും അസ്വസ്ഥതയുണ്ട്. 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചപ്പോൾ ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസർ അതിനെ ആക്രമിച്ചത് ഓർക്കണം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്‌കർ, മഹാത്മാഗാന്ധി എന്നിവരുടെ പ്രതിമകൾ തകർത്തു. ഭരണഘടന നമുക്ക് നൽകിയതിന് അതിന്റെ സ്ഥാപക നേതാക്കളെയെല്ലാം ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.