‘മുർഷിദാബാദിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കുന്നത് തടയണം’; അമിത് ഷായുടെ ഇടപെടൽ തേടി യൂസുഫ് പത്താനും തൃണമൂൽ വിമത എംപിമാരും
മുർഷിദാബാദ്: മുർഷിദാബാദ് ജില്ലയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടിയന്തര ഇടപെടൽ തേടി യൂസുഫ് പത്താൻ എം.പി. യൂസഫ് പത്താൻ അടക്കം തൃണമൂൽ കോൺഗ്രസ് വിട്ട് എൻസിപിഐയിൽ ചേർന്ന മൂന്ന് വിമത എംപിമാരും ഈ ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച യൂസുഫ് പത്താൻ (ബഹറാംപൂർ), അബു താഹെർ ഖാൻ (മുർഷിദാബാദ്), ഖലീലുർ റഹ്മാൻ (ജംഗിപൂർ) എന്നിവരാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകിയത്. ശബ്ദമലിനീകരണം സംബന്ധിച്ച നിയമങ്ങളെയും സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളെയും തങ്ങൾ പൂർണ്ണമായും മാനിക്കുന്നുണ്ടെങ്കിലും, മതപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ന്യായമായും ഏകരൂപത്തിലും സംവേദനക്ഷമതയോടെയുമാണ് സർക്കാർ ഇത് നടപ്പിലാക്കേണ്ടതെന്ന് എംപിമാർ നിവേദനത്തിൽ വ്യക്തമാക്കി.
ബിജെപിയെ പിന്തുണയ്ക്കുന്നതും, ത്രിപുരയിൽ രണ്ട് നിയമസഭാ സീറ്റുകളിൽ മത്സരിച്ച് കുറഞ്ഞ വോട്ടുകൾ മാത്രം നേടിയ എൻസിപിഐ എന്ന അംഗീകാരമില്ലാത്ത പാർട്ടിയിൽ ചേർന്ന 20 തൃണമൂൽ വിമത എംപിമാരിൽ ഉൾപ്പെടുന്നവരാണ് ഇവർ മൂന്ന് പേരും. എന്നാൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദിൽ നിന്നുള്ള ഈ എംപിമാർ, മുസ്ലീങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിയമനിർമ്മാണത്തെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി അടുത്തിടെ നടന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.
പള്ളികളിൽ ബാങ്ക് വിളിക്കുന്നതിനായി ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് എംപിമാരുടെ ഈ നീക്കം. എന്നാൽ, സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകൾ അനുസരിച്ച് എല്ലാ മതപരമായ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ ഒരുപോലെയാണ് നടപ്പിലാക്കുന്നതെന്നും, ഇത് ഒരു പ്രത്യേക സമുദായത്തിന് നേരെയുള്ള നടപടിയല്ലെന്നുമാണ് പശ്ചിമ ബംഗാൾ പോലീസ് അധികാരികൾ പറയുന്നത്.
ഉച്ചഭാഷിണി വിഷയത്തിന് പുറമെ, വോട്ടർ തിരിച്ചറിയൽ കാർഡുമായ ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകളിലെ കാലതാമസവും എംപിമാർ തങ്ങളുടെ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട നിരവധി യഥാർത്ഥ വോട്ടർമാർ ട്രൈബ്യൂണലിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഈ കാലതാമസം കാരണം പാസ്‌പോർട്ട് വെരിഫിക്കേഷൻ, ഭൂമി രജിസ്ട്രേഷൻ, സർക്കാർ ക്ഷേമപദ്ധതികൾ എന്നിവ ലഭിക്കുന്നതിന് ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിനാൽ യഥാർത്ഥ വോട്ടർമാരുടെ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും ഈ വർഷാവസാനത്തോടെ വേഗത്തിൽ തീർപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ പ്രക്രിയയിൽ മുർഷിദാബാദ് ജില്ലയിൽ നിന്ന് മാത്രം ഏകദേശം 4.55 ലക്ഷം പേരുടെ പേരുകളാണ് ഒഴിവാക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.