‘കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം’;പുതിയ നിയമവുമായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി താലിബാൻ ഭരണകൂടം. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകാരം നൽകിയ പുതിയ കുടുംബ നിയമത്തിലാണ് ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ നിയമാവലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം, വിവാഹമോചനം, രക്ഷിതാക്കളുടെ അധികാരം എന്നിവയെക്കുറിച്ചുള്ള 31 നിബന്ധനകളാണുള്ളത്. പുതിയ നിയമപ്രകാരം പ്രായപൂർത്തിയായ ഒരു പെൺകുട്ടി വിവാഹാലോചനയോട് മൗനം പാലിച്ചാൽ അത് സമ്മതമായി കണക്കാക്കാം, എന്നാൽ ഇതേ സാഹചര്യം ഒരു ആൺകുട്ടിക്കോ അല്ലെങ്കിൽ മുമ്പ് വിവാഹിതയായ ഒരു സ്ത്രീക്കോ ബാധകമല്ലെന്നും താലിബാൻ വ്യക്തമാക്കുന്നു.
ഈ പുതിയ നിയമം പെൺകുട്ടികളുടെ അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. കടുത്ത ദാരിദ്ര്യം കാരണം അഫ്ഗാനിസ്ഥാനിലെ പല കുടുംബങ്ങളും പണത്തിന് വേണ്ടി പെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കൽപ്പിച്ച് നൽകാറുണ്ട്.
പുതിയ നിയമം വഴി താലിബാൻ ഇത്തരം ബാലവിവാഹങ്ങൾക്ക് നിയമസാധുത നൽകുകയാണെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കുട്ടിക്കാലത്ത് നടക്കുന്ന ഇത്തരം വിവാഹങ്ങൾ പ്രായപൂർത്തിയായ ശേഷം റദ്ദാക്കണമെങ്കിൽ താലിബാൻ കോടതിയുടെ അനുമതി വേണമെന്നും പുതിയ ഉത്തരവിലുണ്ട്. 2021ൽ അധികാരം പിടിച്ചെടുത്തതിന് ശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസം, ജോലി, പൊതുഇടങ്ങളിലെ ഇടപെടൽ എന്നിവയ്ക്ക് മേൽ താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ ശബ്ദം പൂർണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള പുതിയ വിവാഹ നിയമം താലിബാൻ നടപ്പിലാക്കുന്നത്.