ജീൻസ് ധരിക്കുന്നതിനെ എതിർത്തു; അച്ഛനുനേരെ വെടിയുതിർത്ത് മകൾ
അമൃത്സർ: അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ 21-കാരി സ്വന്തം അച്ഛനെ വെടിവെച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിങിനെ ഉടൻ തന്നെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മകൾ സ്നേഹ്ദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകളും തമ്മിൽ വ്യക്തിപരവും ആശയപരവുമായ കാര്യങ്ങളിൽ കടുത്ത ഭിന്നതകൾ നിലനിന്നിരുന്നതായി അമൃത്സർ റൂറൽ എസ്.എസ്.പി സുഹൈൽ ഖാസിം മീർ വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം മകൾ ജീൻസും ടോപ്പും ധരിക്കുന്നതിനെ അച്ഛൻ ശക്തമായി എതിർത്തിരുന്നു. കൂടാതെ മകളെ ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് അയക്കാൻ ഇയാൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പാസായ സ്നേഹ്ദീപിന് ഓസ്ട്രേലിയയിൽ പോയി പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ അച്ഛൻ ഇതിനെ ശക്തമായി എതിർത്തത് വീട്ടിൽ വലിയ തർക്കങ്ങൾക്ക് കാരണമായി.
മെയ് 14-ന് രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീട്ടിൽ തർക്കം രൂക്ഷമായതോടെ കടുത്ത ദേഷ്യത്തിലും മാനസികവിഷമത്തിലും സ്നേഹ്‌ദീപ് അച്ഛൻ്റെ ലൈസൻസുള്ള റിവോൾവർ എടുത്ത് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പർമീന്ദർ സിങിൻ്റെ പുറകിലും തോളിലുമാണ് വെടിയേറ്റത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തുനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പ്രതിയായ സ്നേഹ്ദീപ് കൗറിനെ ബാബ ബകാല എസ്.ഡി.എം കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.