പരോളിലിറങ്ങി മുങ്ങി, പിന്നീട് ബോളിവുഡ് താരമായ് മാറി അമിതാഭ് ബച്ചനും ആമിർ ഖാനുമൊപ്പം അഭിനയിച്ചു; എമ്പുരാനിലും വേഷമിട്ടു; കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് പൊലീസിന്റെ പിടിയിലായി. ഒളിവിൽ കഴിഞ്ഞ കാലയളവിൽ തന്റെ പേരും അടയാളങ്ങളും മാറ്റി ബോളിവുഡിലും ഗുജറാത്തി സിനിമകളിലും സജീവമായി അഭിനയിച്ചു വരികയായിരുന്ന ഹേമന്ത് മോദി (53) എന്ന പ്രതിയെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നാടകീയമായി അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ ഗീ കാന്ത മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അറസ്റ്റ്. ഒളിവിൽ കഴിയുന്നതിനിടയിൽ സിനിമാ ലോകത്ത് ‘സ്പന്ദൻ മോദി’, ‘ട്വിങ്കിൾ ദവെ’ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രങ്ങളായ അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ച ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’, രൺവീർ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോർദാർ’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ ഇയാൾ സഹനടനായി വേഷമിട്ടിരുന്നു. ഇതിന് പുറമെ മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ‘എമ്പുരാൻ’എന്ന ചിത്രത്തിലും, സണ്ണി ഡിയോളിന്റെ ‘ലാഹോർ 1947’, ആദിത്യ റോയ് കപൂറിന്റെ ‘മെട്രോ ഇൻ ദിനോ’ തുടങ്ങിയ നിരവധി വരാനിരിക്കുന്ന ചിത്രങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
2005-ൽ അഹമ്മദാബാദിലെ നരോദയിൽ വെച്ചുണ്ടായ ഒരു തർക്കത്തിനിടയിൽ നരേന്ദ്ര കാംബ്ലെ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ 2008-ലാണ് ഹേമന്ത് മോദിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലും പിന്നീട് മെഹ്സാന ഡിസ്ട്രിക്ട് ജയിലിലുമായി ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. തുടർന്ന് 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ഇയാൾക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരികെ പ്രവേശിക്കാതെ ഇയാൾ മുങ്ങുകയായിരുന്നു. ജയിൽ ജീവിതം മാനസികമായി തകർത്തതോടെയാണ് ഇയാൾ ഒളിച്ചോടാൻ പദ്ധതിയിട്ടത്. തുടർന്ന് ഭാര്യയുമായി വിവാഹമോചനം നേടുകയും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള എല്ലാ ബന്ധങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. ഡിജിറ്റൽ ലോകത്തോ സോഷ്യൽ മീഡിയയിലോ യാതൊരുവിധ അക്കൗണ്ടുകളും ഇയാൾ സൂക്ഷിച്ചിരുന്നില്ല.
ഒളിവിൽ പോയ ശേഷം ആദ്യം പാട്ടൻ ജില്ലയിൽ താമസിച്ച് ഗുജറാത്തി നാടക രംഗത്ത് സജീവമായ ഇയാൾ പിന്നീട് മുംബൈയിലേക്ക് മാറുകയും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങുകയുമായിരുന്നു. നാടകങ്ങളിലും സിനിമകൾക്കും പുറമെ വെബ് സീരീസുകളിലും ‘വാഗ്ലേ കി ദുനിയ’, ‘മേരെ സായ്’ തുടങ്ങിയ പ്രശസ്തമായ ഹിന്ദി ടെലിവിഷൻ പരമ്പരകളിലും ഇയാൾ അഭിനയിച്ചു. തീയേറ്ററുകളിൽ വലിയ ജനപ്രീതി നേടിയ ‘യുഗപുരുഷ്’, ‘ഗാന്ധി വിരുദ്ധ് ഗോഡ്സെ’ തുടങ്ങിയ നാടകങ്ങളിലും ഇയാൾ വേഷമിട്ടിരുന്നു. നിയമപാലകരുടെ കണ്ണുവെട്ടിച്ച് വർഷങ്ങളോളം സിനിമാ മേഖലയിൽ പരസ്യമായി ജോലി ചെയ്തിട്ടും ഇയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ഇയാൾ രഹസ്യമായി അഹമ്മദാബാദിൽ മടങ്ങിയെത്തി താമസം തുടങ്ങിയതായി ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ താൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ നടനാണെന്ന് സ്ഥാപിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും, ജയിൽ രേഖകളിലെ ശാരീരിക അടയാളങ്ങൾ കാണിച്ച് പോലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് ബാക്കി ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ഇയാളെ മെഹ്സാന ജില്ലാ ജയിൽ അധികൃതർക്ക് കൈമാറി.