10/06/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്’; ഡിഎംകെ നേതാക്കളെ വിലക്കി എംകെ സ്റ്റാലിൻ

 ‘മുസ്‌ലിം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്’; ഡിഎംകെ നേതാക്കളെ വിലക്കി എംകെ സ്റ്റാലിൻ

ചെന്നൈ: പുതിയതായി അധികാരത്തിലേറിയ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗമായ വിസികെ, മുസ്‌ലിം ലീഗ് എന്നീ മുൻ സഖ്യകക്ഷികൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകരെയും വിലക്കി പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ. സഖ്യം വിട്ട് ടിവികെ സർക്കാരിനൊപ്പം ചേർന്ന ഈ പാർട്ടികളെ പരിഹസിച്ച് മുതിർന്ന ഡിഎംകെ നേതാവും എംപിയുമായ എ. രാജ നടത്തിയ പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് സ്റ്റാലിന്റെ അടിയന്തര ഇടപെടൽ.

ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടേതായ സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ടെന്നും, അതിനാൽ ആരെയും വ്രണപ്പെടുത്തുന്ന തരത്തിലുള്ള കടുത്ത ഭാഷകൾ ഡിഎംകെ പ്രവർത്തകർ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ കർശന നിർദ്ദേശം നൽകി. ടിവികെ മന്ത്രിസഭയിൽ അംഗങ്ങളായ പുതിയ മന്ത്രിമാരെ അഭിനന്ദിച്ചുകൊണ്ട് ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്റ്റാലിൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

ഡിഎംകെ സഖ്യത്തിലായിരുന്ന വിസികെയും മുസ്ലിം ലീഗും വിജയ്‌യുടെ സർക്കാരിനൊപ്പം ചേർന്ന് അധികാരം പങ്കിട്ടതിനെ വിമർശിച്ചുകൊണ്ട് എ. രാജ നടത്തിയ പരിഹാസമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തങ്ങളുടെ പറമ്പിൽ നട്ടുവളർത്തിയ തെങ്ങ് വളഞ്ഞ് അയൽക്കാരന്റെ മുറ്റത്തേക്ക് തേങ്ങയും ഇളനീരും നൽകുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന ‘മുടത്തെങ്ങ്’ എന്ന പ്രയോഗത്തിലൂടെയാണ് എ. രാജ ഇവരെ പരിഹസിച്ചത്. എന്നാൽ ഇതിനെതിരെ വിസികെയും ടിവികെയും രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു. ഡിഎംകെയുടെ രാഷ്ട്രീയ ധാർഷ്ട്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഈ വാക്‌പോര് രൂക്ഷമായ സാഹചര്യത്തിലാണ് നേതാക്കളെ നിയന്ത്രിക്കാൻ സ്റ്റാലിൻ നേരിട്ടിറങ്ങിയത്.

“പുതിയതായി മന്ത്രിമാരായി ചുമതലയേറ്റവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഓരോ പാർട്ടിക്കും അവരുടെ സ്വന്തം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ ഞാൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്, ഈ സാഹചര്യത്തിൽ ആരെയും വ്രണപ്പെടുത്തുന്ന വാക്കുകൾ പാർട്ടി പ്രവർത്തകർ ഉപയോഗിക്കരുത്. പെരാരി​ഗ്നർ അണ്ണായുടെയും മുത്തമിഴർ കലൈഞ്ജറുടെയും (കരുണാനിധി) പാതയിലൂടെ വന്നവരാണ് നമ്മൾ, അത് ആരും മറക്കരുത്. നല്ലതിനെ പ്രശംസിക്കുകയും അല്ലാത്തതിനെ വിമർശിക്കുകയും ചെയ്യുന്ന ഒരു ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി നമുക്ക് പ്രവർത്തിക്കാം.” സ്റ്റാലിൻ എക്സിൽ കുറിച്ചു.

Also read: