ഹെൽമെറ്റില്ലാതെ 60 ലക്ഷത്തിന്റെ ആഡംബര ബൈക്ക് ഓടിച്ച് ബംഗാൾ മന്ത്രി ദിലീപ് ഘോഷ്; വീഡിയോ വൈറൽ; പിഴയടക്കണമെന്ന് സോഷ്യൽ മീഡിയ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതുതായി ചുമതലയേറ്റ ബി.ജെ.പി മന്ത്രി ദിലീപ് ഘോഷ് ഹെൽമെറ്റില്ലാതെ ആഡംബര ബൈക്കിൽ യാത്ര ചെയ്തത് വിവാദമാകുന്നു. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലാണ് സംഭവം. പ്രഭാത സവാരിക്കിടെ അദ്ദേഹം ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിൽ ആകെ മുന്നൂറോളം പേർക്ക് മാത്രം സ്വന്തമായുള്ള ‘ഹോണ്ട ഗോൾഡ് വിങ്’ എന്ന ആഡംബര ബൈക്കിലാണ് അദ്ദേഹം യാത്ര ചെയ്തത്. ഏകദേശം 55 മുതൽ 60 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് നിരത്തിലറങ്ങാൻ വിലവരുന്നത്. നഗരങ്ങളിൽ ലിറ്ററിന് 6 മുതൽ 10 കിലോമീറ്റർ വരെ മാത്രമാണ് ഈ വാഹനത്തിന് മൈലേജ് ലഭിക്കുന്നത്.
പശ്ചിമ ബംഗാളിലെ ഗതാഗത നിയമപ്രകാരം ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് 1,000 രൂപ പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി യാത്ര ചെയ്ത മന്ത്രിക്ക് എതിരെ ഇതുവരെ ഔദ്യോഗികമായി എന്തെങ്കിലും നടപടിയെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്തതായി റിപ്പോർട്ടുകളില്ല.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ജനങ്ങൾക്ക് മാതൃകയാകേണ്ട മന്ത്രി തന്നെ ഇത്തരത്തിൽ നിയമം ലംഘിച്ചതിൽ പിഴ ഈടാക്കണമെന്നും ശക്തമായ നടപടി വേണമെന്നും ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നു. എന്നാൽ, നഗരത്തിലെ ഗതാഗതക്കുരുക്കിൽ ഇതൊരു മികച്ച നീക്കമാണെന്നും, മന്ത്രിയുടെ ഈ സ്റ്റൈലിഷ് യാത്രയെ അനുകൂലിച്ചും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.