04/06/2026
[fontresizer_tawhidurrahmandear_widget]

ഒറ്റരാത്രികൊണ്ട് മുന്നറിയിപ്പില്ലാതെ ഐടി കമ്പനി പൂട്ടി; 700 പേർക്ക് പണിപോയി, സിഇഒ അറസ്റ്റിൽ

 ഒറ്റരാത്രികൊണ്ട് മുന്നറിയിപ്പില്ലാതെ ഐടി കമ്പനി പൂട്ടി; 700 പേർക്ക് പണിപോയി, സിഇഒ അറസ്റ്റിൽ

പൂനെ: ശമ്പളമോ ഔദ്യോഗിക വിശദീകരണമോ നൽകാതെ പൂനെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഐടി സ്ഥാപനം ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടി. പൂനെ ഹിഞ്ചവാഡി ഐടി ഇടനാഴിയിലെ ‘ത്യാങ്ക് ടെക്നോളജി ഇന്ത്യ’ എന്ന കമ്പനിയാണ് പെട്ടെന്ന് പ്രവർത്തനം നിർത്തിയത്. ഇതോടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, പുതിയ ബിരുദധാരികൾ, ഇന്റേണുകൾ ഉൾപ്പെടെ 700-ലധികം ജീവനക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി. സംഭവത്തിൽ വഞ്ചനാക്കുറ്റം ചുമത്തി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് മേധാവി, ഹ്യൂമൻ റിസോഴ്‌സ് മാനേജർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

25 വയസ്സുള്ള ഒരു ഇന്റേൺ നൽകിയ പരാതിയിലാണ് ഹിഞ്ചവാഡി പോലീസ് അന്വേഷണം ആരംഭിച്ചത്. നിലവിൽ മുപ്പതിലധികം ജീവനക്കാർ സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. 2025-ൽ ഉടനീളം വലിയ തോതിൽ നിയമന ഡ്രൈവുകൾ നടത്തിയാണ് കമ്പനി ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. തുടക്കത്തിൽ കൃത്യമായി ശമ്പളവും സ്റ്റൈപ്പൻഡും നൽകി വിശ്വാസം നേടിയെടുത്ത മാനേജ്മെന്റ്, ഈ വർഷം ആദ്യം മുതൽ സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശമ്പളം വൈകിപ്പിച്ചു. ആഭ്യന്തര ഓഡിറ്റും ഫണ്ടിങ് പ്രശ്നങ്ങളും പരിഹരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക ഉടൻ തീർക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നെങ്കിലും പണം ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു.

പിന്നീട് ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടിയ വിവരമറിയുന്നത്. മാനേജ്മെന്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. കുടിശ്ശിക തീർക്കാൻ കമ്പനി നൽകിയ ചെക്കുകൾ മടങ്ങിയത് ജീവനക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. കൂടാതെ, ലാപ്ടോപ്പുകൾക്കും ഓൺബോർഡിങ് ആവശ്യങ്ങൾക്കുമായി ജീവനക്കാരിൽ നിന്നും ഇന്റേണുകളിൽ നിന്നും 15,000 രൂപ വീതം സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങി ഇത് തിരികെ നൽകാതെ വഞ്ചിച്ചതായും ആരോപണമുണ്ട്. ശമ്പള കുടിശ്ശികയുള്ളപ്പോഴും കമ്പനി പുതിയ നിയമനങ്ങൾ നടത്തിയിരുന്നു. ഈ തുക കമ്പനി ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായാണ് തൊഴിലാളികളുടെ സംശയം.

ഏപ്രിൽ 20-നാണ് ദുരിതബാധിതരായ ജീവനക്കാർ പൂനെ പോലീസിനെയും ലേബർ അതോറിറ്റിയെയും സമീപിച്ചത്. കമ്പനിയുടെ സാമ്പത്തിക രേഖകളും പ്രവർത്തന രീതികളും പോലീസ് നിലവിൽ പരിശോധിച്ചുവരികയാണ്. അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സംരക്ഷണത്തെയും ചൂഷണങ്ങളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കും രോഷത്തിനും ഈ സംഭവം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വഴിവെച്ചിട്ടുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്ന കമ്പനികളിൽ നിന്ന് ഉദ്യോഗാർത്ഥികൾ വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പുകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

Also read: