13/06/2026
[fontresizer_tawhidurrahmandear_widget]

‘നന്നായി പുഴുങ്ങി എടുത്തിട്ടുണ്ട്’; പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് ഒളിപ്പിച്ചത് കുക്കറിൽ; ചോറിനൊപ്പം കഞ്ചാവും വെന്തു; കുന്നംകുളത്ത് യുവാവ് പിടിയിൽ

 ‘നന്നായി പുഴുങ്ങി എടുത്തിട്ടുണ്ട്’; പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് ഒളിപ്പിച്ചത് കുക്കറിൽ; ചോറിനൊപ്പം കഞ്ചാവും വെന്തു; കുന്നംകുളത്ത് യുവാവ് പിടിയിൽ

കുന്നംകുളം: പോലീസിന്റെ ലഹരിവിരുദ്ധ പരിശോധനയ്ക്കിടെ കുക്കറിലെ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അടുപ്പുട്ടി സ്വദേശിയായ ബിനീഷിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയയെ ലക്ഷ്യമിട്ട് പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പ്രതി പിടിയിലായത്.

മുൻപ് ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് ബിനീഷിന്റെ വീട്ടിലും അന്വേഷണസംഘം എത്തിയത്. പോലീസ് വീട്ടിലേക്ക് വരുന്നത് കണ്ട പ്രതി, തന്റെ കൈവശമുണ്ടായിരുന്ന 400 ഗ്രാം കഞ്ചാവ് അടുക്കളയിൽ ചോറ് തിളച്ചുകൊണ്ടിരുന്ന പ്രഷർ കുക്കറിനുള്ളിലേക്ക് ഒളിപ്പിക്കുകയായിരുന്നു. ‘മോഹനിയാട്ടം’ എന്ന സിനിമയിലെ രംഗത്തിന് സമാനമായ രീതിയിലാണ് പ്രതി ഇവിടെ കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ചത്.

തുടർന്ന് പോലീസ് വീടുമുഴുവൻ പരിശോധിക്കുന്നതിനിടെ അടുക്കളയിലെ കുക്കറിൽ നിന്നും വിസിൽ വരികയും കഞ്ചാവ് വെന്ത മണം ആകെ പടരുകയും ചെയ്തു. മണം ശ്രദ്ധയിൽപെട്ട പോലീസ് ഉടൻ തന്നെ കുക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് ചോറിനൊപ്പം കഞ്ചാവ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, പോലീസിനെ വെട്ടിക്കാൻ ആ സമയത്ത് തോന്നിയ ബുദ്ധിയാണ് ഇതെന്ന് പ്രതി സമ്മതിച്ചു.

മുമ്പും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് പിടിയിലായ ബിനീഷ്. 2018-ൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ ഇയാൾ പ്രതിയായിരുന്നു. മുൻപ് സമാനമായ കേസുകളിൽ രണ്ടു തവണയോളം പോലീസ് പിടിയിലാകേണ്ട സാഹചര്യത്തിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിട്ടുമുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Also read: