11/06/2026
[fontresizer_tawhidurrahmandear_widget]

‘വിലക്കയറ്റം എനിക്കിഷ്ടമാണ്, ആരെക്കുറിച്ചും ഞാനിപ്പോൾ ചിന്തിക്കുന്നില്ല’; ഇറാൻ യുദ്ധം കാരണമുള്ള വിലക്കയറ്റത്തിൽ വിവാദ പ്രസ്‌താവനയുമായി ട്രംപ്

 ‘വിലക്കയറ്റം എനിക്കിഷ്ടമാണ്, ആരെക്കുറിച്ചും ഞാനിപ്പോൾ ചിന്തിക്കുന്നില്ല’; ഇറാൻ യുദ്ധം കാരണമുള്ള വിലക്കയറ്റത്തിൽ വിവാദ പ്രസ്‌താവനയുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കയിലെ വിലക്കയറ്റത്തെ സ്വാഗതം ചെയ്ത് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ വിലക്കയറ്റ നിരക്ക് 4 ശതമാനത്തിന് മുകളിലെത്തിയെന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് “വിലക്കയറ്റം എനിക്ക് ഇഷ്ടമാണ്” എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. വരാനിരിക്കുന്ന നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ വിലക്കയറ്റം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിക്കുന്നതോടെ ഈ വിലക്കയറ്റം താഴേക്ക് വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് മെയ് മാസത്തിൽ അമേരിക്കയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ധനവിലയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ് ഉപരോധങ്ങൾ മറികടന്ന് ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾ രഹസ്യമായി കടത്തിവിടാൻ താൻ അനുമതി നൽകിയിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഈ പദ്ധതി വലിയ വിജയമായിരുന്നെന്നും ഇതിന്റെ സാമ്പത്തിക നേട്ടം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെയാണ് ലോകമെമ്പാടും ഇന്ധനത്തിനും വളത്തിനും ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നത്. യുദ്ധം തീരുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, രാജ്യത്ത് തുടരുന്ന വിലക്കയറ്റം പലിശനിരക്ക് കുറയ്ക്കുന്നതിന് അമേരിക്കൻ ഫെഡറൽ റിസർവിന് വലിയ തടസ്സമായിരിക്കുകയാണ്. വിലക്കയറ്റം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും അധികാരത്തിലേറിയ ട്രംപിന്റെ ജനപ്രീതി ഇപ്പോൾ സർവേകളിൽ ഏറ്റവും താഴ്ന്ന നിരക്കിലാണുള്ളത്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനങ്ങൾക്കിടയിലുള്ള വിലക്കയറ്റ വിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.

നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ വിജയം കണ്ടിട്ടില്ല. അതിനാൽ വരും ആഴ്‌ചകളിൽ എണ്ണവില വീണ്ടും കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇനി അമേരിക്കയും ഇറാനും തമ്മിൽ പെട്ടെന്നൊരു കരാറിലെത്തിയാൽ പോലും, തടസ്സപ്പെട്ട വിതരണ ശൃംഖല പഴയപടിയാകാൻ മാസങ്ങൾ വേണ്ടിവരും. എന്നാൽ യുദ്ധം കാരണം അമേരിക്കൻ ജനത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തനിക്ക് ഒരു വിഷയമേയല്ല എന്ന തരത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും, ആരെക്കുറിച്ചും താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും പറഞ്ഞ ട്രംപ്, ഇറാന്റെ കൈകളിൽ ഒരു കാരണവശാലും ആണവായുധം എത്താൻ അനുവദിക്കരുത് എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും കൂട്ടിച്ചേർത്തു.

Also read: