‘പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല’, ഇൻഡ്യ സഖ്യ യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പുറത്ത്
ന്യൂഡൽഹി: ജൂൺ എട്ടിന് നടന്ന ഇൻഡ്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടു. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം മുന്നോട്ട് പോകില്ലെന്നും പ്രതിപക്ഷ കൂട്ടായ്മയെ തകർക്കാനുള്ള ഭരണകൂട ശ്രമങ്ങളെ അതിജീവിച്ച് സഖ്യം ശക്തമായി മുന്നേറുമെന്നും രാഹുൽ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു. സഖ്യകക്ഷികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഖ്യത്തെ ഒന്നിപ്പിച്ചു നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ചുമതലയെന്നും ഓർമ്മിപ്പിച്ചു.
രാജ്യത്ത് തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ പൂർണ്ണമായും അട്ടിമറിക്കപ്പെടുന്നുണ്ടെന്ന കാര്യത്തിൽ തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തന്റെ സംസ്ഥാനത്തെ വോട്ട് ചോർച്ചയിൽ 90 ശതമാനവും, ഉദ്ധവ് താക്കറെയ്ക്കും തേജസ്വി യാദവിനും 40 ശതമാനം വീതവുമാണ് സംശയമുള്ളത്. എന്നാൽ വോട്ടുകളിൽ കൃത്യമായ അട്ടിമറി നടക്കുന്നുണ്ടെന്നതിൽ ആർക്കും സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായ പഴയ രാഷ്ട്രീയ ശൈലികൾ ഇനി വിജയിക്കില്ലെന്ന് സമാജവാദി പാർട്ടി, ടി.എം.സി, ആർ.ജെ.ഡി തുടങ്ങിയ കക്ഷികൾ മനസ്സിലാക്കണം. ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ബി.ജെ.പിക്ക് അനുകൂലമായാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും രാഹുൽ ഗാന്ധി യോഗത്തിൽ തുറന്നുപറഞ്ഞു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനുമായി കോൺഗ്രസിന് കൃത്യമായ രാഷ്ട്രീയ പോരാട്ടമാണുള്ളത്. ഇത്തരത്തിലുള്ള പ്രാദേശിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുതന്നെ വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് പൂർണ്ണമായും വിയോജിക്കുന്നുവെന്നും, തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ.എസ്.എസിന് മുന്നിൽ തലകുനിക്കില്ലെന്നും രാഹുൽ ആവർത്തിച്ചു.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾ വലിയ തോതിൽ അടിച്ചമർത്തപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിട്ടും അതിന്റെ റീച്ച് പൂർണ്ണമായും ഭരണകൂടം തടഞ്ഞുവെച്ചിരിക്കുകയാണ്. മാധ്യമങ്ങളും നിയമസംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഏജൻസികളും എല്ലാം ഭരണപക്ഷത്തെ സഹായിക്കാനാണ് നിലകൊള്ളുന്നത്.
എങ്കിലും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അമർഷം ഈ സർക്കാരിന്റെ പതനത്തിന് കാരണമാകും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്ന് രാഹുൽ ഗാന്ധി സഖ്യനേതാക്കളെ ഓർമ്മിപ്പിച്ചു.