ഞാൻ ഇസ്രയേലിൻ്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ല; നെതന്യാഹു
തെൽ അവീവ്: താൻ ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന കാലത്തോളം ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ അന്തിമഘട്ടത്തിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും ഈ വാരാന്ത്യത്തോടെ സമാധാന കരാർ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയുമായി കൂടിയാലോചിക്കാതെയാണ് അമേരിക്കൻ പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നെതന്യാഹു വിശദീകരണവുമായി രംഗത്തെത്തിയത്.
താൻ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ലെന്നും, ഈ വിഷയത്തിൽ താനും പ്രസിഡന്റ് ട്രംപും തമ്മിൽ പൂർണ്ണ യോജിപ്പിലാണുള്ളതെന്നും നെതന്യാഹു പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇറാനിയൻ ആണവ പരിപാടികൾക്കെതിരായ അന്താരാഷ്ട്ര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് താനാണെന്ന് അവകാശപ്പെട്ട അദ്ദേഹം, ഈ ശക്തമായ പോരാട്ടം ഇല്ലായിരുന്നെങ്കിൽ ഇസ്രയേലിനെ ഇല്ലാതാക്കാൻ വർഷങ്ങൾക്ക് മുൻപ് തന്നെ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇസ്രയേലിനെ പൂർണ്ണമായും നശിപ്പിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും, അത് തടയുന്നതിനായി താൻ സ്വന്തം ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, അമേരിക്കയുമായുള്ള സമാധാന കരാർ അന്തിമമായെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വരുന്ന ഞായറാഴ്ച ജനീവയിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ ഒരു ഔദ്യോഗിക കരാറിൽ ഒപ്പുവെക്കുമെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ഇറാനിയൻ മാധ്യമങ്ങളും വ്യക്തമാക്കി.