21/06/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ-ഇറാൻ യുദ്ധം: വിജയം ഇറാനൊപ്പമെന്ന് 92% ഇസ്രയേൽ ജനത; കൂപ്പുകുത്തി നെതന്യാഹുവിന്റെ ജനപിന്തുണ

 ഇസ്രയേൽ-ഇറാൻ യുദ്ധം: വിജയം ഇറാനൊപ്പമെന്ന് 92% ഇസ്രയേൽ ജനത; കൂപ്പുകുത്തി നെതന്യാഹുവിന്റെ ജനപിന്തുണ

തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെയും ഇറാനുമായുള്ള യുദ്ധഫലങ്ങളെയും ഇസ്രയേൽ ജനത കടുത്ത അതൃപ്തിയോടെയാണ് നോക്കിക്കാണുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട്. യുദ്ധത്തിൽ വിജയം ഇറാനായിരുന്നുവെന്ന് 92.1 ശതമാനം ഇസ്രയേലികളും വിശ്വസിക്കുന്നതായി ജൂൺ 17 മുതൽ 20 വരെ ജറുസലേമിലെ ഹീബ്രു സർവകലാശാലയും അഗാം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ സർവേ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണക്കുന്ന വലതുപക്ഷ വോട്ടർമാരിൽപ്പോലും 93.1 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. രാജ്യത്തിൻ്റെ അസ്തിത്വ ഭീഷണി ഇല്ലാതാക്കിയെന്ന നെതന്യാഹുവിൻ്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും 3,644 പേർ പങ്കെടുത്ത ഈ സർവേ ചൂണ്ടിക്കാണിക്കുന്നു.

ഇറാനെതിരായ ആറാഴ്‌ച നീണ്ട സൈനിക നടപടി ഇസ്രയേലിൻ്റെ ദീർഘകാല സുരക്ഷയെ ദുർബലപ്പെടുത്തിയെന്ന് 82.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇസ്രയേലിനെ മാറ്റിനിർത്തി അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ കരാറിനോടും യുദ്ധത്തിൻ്റെ അനന്തരഫലങ്ങളോടും 86 ശതമാനത്തോളം പേർക്ക് കടുത്ത എതിർപ്പാണുള്ളത്. ഇറാൻ്റെ ആണവ പദ്ധതികളും മിസൈൽ ഭീഷണിയും ഇല്ലാതാക്കുക, ഭരണകൂടത്തെ താഴെയിറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേൽ പൂർണമായി പരാജയപ്പെട്ടുവെന്നോ അല്ലെങ്കിൽ വളരെ ചെറിയ നേട്ടങ്ങൾ മാത്രമേ ഉണ്ടാക്കിയുള്ളൂവെന്നോ 87.8 ശതമാനം പേർ വിശ്വസിക്കുന്നു. നെതന്യാഹുവിൻ്റെ വാദങ്ങളെ 72.5 ശതമാനം പേരും അവിശ്വസിക്കുമ്പോൾ, യുദ്ധം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് 56.4 ശതമാനം ആളുകൾ പ്രതികരിച്ചു. മികച്ച പ്രവർത്തനമായിരുന്നുവെന്ന് വെറും 26.5 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്.

സർവേ ഫലങ്ങൾ പ്രകാരം നെതന്യാഹുവിൻ്റെ ജനപിന്തുണയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിലുണ്ടായിരുന്ന 40.5 ശതമാനം ജനപ്രീതി ജൂണായപ്പോഴേക്കും 29.4 ശതമാനമായി കൂപ്പുകുത്തി. 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ പ്രഖ്യാപിക്കപ്പെട്ട ‘സമ്പൂർണ വിജയം’ എന്ന ലക്ഷ്യം 31 മാസങ്ങൾ പിന്നിട്ടിട്ടും നേടാനായിട്ടില്ലെന്നാണ് ജനങ്ങൾ വിലയിരുത്തുന്നത്. ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ താഴെയിറക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ നേടാനായെന്ന് വെറും 12.2 ശതമാനം പേർ മാത്രം വിശ്വസിക്കുമ്പോൾ 61.3 ശതമാനം പേർ ലക്ഷ്യങ്ങൾ ഒട്ടും നേടാനായില്ലെന്ന് പ്രതികരിച്ചു. അതേസമയം, ഇറാനോടുള്ള സമീപനത്തിൽ നിന്ന് വ്യത്യസ്തമായി ലബനാനിലെ ഹിസ്ബുല്ലക്കെതിരായ സൈനിക നടപടികളെ ഭൂരിഭാഗം ഇസ്രായേലികളും പിന്തുണക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ എതിർപ്പുണ്ടായാൽപോലും ബെയ്റൂത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ഹിസ്ബുല്ലക്കെതിരെ ആക്രമണം ശക്തമാക്കണമെന്ന് 48.2 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടതായും ജനസംഖ്യാ പ്രാതിനിധ്യം ഉറപ്പാക്കി 17 വയസ്സിന് മുകളിലുള്ളവരിൽ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു.

Also read: