10/08/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള 300 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 കുട്ടികൾ’: യുണിസെഫ്

 ‘ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള 300 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 കുട്ടികൾ’: യുണിസെഫ്

ഗസ്സ: ഗസ്സയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള 300 ദിവസങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യു.എൻ ശിശുക്ഷേമ സമിതിയായ യുണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നുവെങ്കിലും, അവിടെ ശരാശരി ഓരോ ദിവസവും ഒരു കുട്ടി വീതം കൊല്ലപ്പെടുന്ന ദാരുണമായ അവസ്ഥയാണുള്ളതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഓരോ ദിവസവും ഒരു കുട്ടി വീതം കൊല്ലപ്പെടുന്ന ഒരു വെടിനിർത്തൽ കുട്ടികളുടെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്ന് പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക മേഖലയിലെ യുണിസെഫ് റീജിയണൽ ഡയറക്ടർ എഡ്വേർഡ് ബെയ്‌ഗ്‌ബെഡർ പറഞ്ഞു. അക്രമരഹിതമായ ഒരു ജീവിതമെന്ന വാഗ്ദാനത്തിനായി ഗസ്സയിലെ കുട്ടികൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നും, ഇതിനകം നൂറുകണക്കിന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഗസ്സ മുനമ്പിൻ്റെ മൂന്നിലൊന്ന് വരുന്ന ചെറിയൊരു പ്രദേശത്തേക്ക് മാത്രം ഒതുക്കപ്പെട്ടിരിക്കുകയാണ്. തകർന്നു വീണ കെട്ടിടങ്ങൾക്കും അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൾക്കുമിടയിൽ അതീവ അപകടകരമായ ചുറ്റുപാടുകളിലാണ് പല കുടുംബങ്ങളും ജീവിക്കുന്നത്. കുടിവെള്ളക്ഷാമം, തകർന്ന ശുചിത്വ സംവിധാനങ്ങൾ, പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ, അതിരൂക്ഷമായ പോഷകാഹാരക്കുറവ് എന്നിവ കുട്ടികളുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുന്നു.

ഭക്ഷണമില്ലാതെ അവശരായ അമ്മമാർ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ പോലും അപകടത്തിലാണെന്ന് യുണിസെഫ് വക്താവ് ലൂയിസ് വാട്ടറിഡ്‌ജ് വ്യക്തമാക്കി. മാസം തികയാതെയുള്ള പ്രസവങ്ങൾ ഗസ്സയിൽ വർധിച്ചുവരികയാണ്. ആശുപത്രികളിൽ ആവശ്യത്തിന് ഇൻക്യുബേറ്ററുകൾ ഇല്ലാത്തതിനാൽ ഒന്നിൽ തന്നെ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ ഒരുമിച്ച് കിടത്തേണ്ട ഗതികേടാണുള്ളത്. മരുന്നുകളുടെയും ജീവൻരക്ഷാ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം ആശുപത്രികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

യു.എൻ ഏജൻസിയായ ഒ.സി.എച്ച്.എ പുറത്തുവിട്ട ഗസ്സ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, 2025 ഒക്ടോബറിലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇതുവരെ 1,209 പേർ ഗസ്സയിൽ കൊല്ലപ്പെടുകയും 3,943 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സാധാരണക്കാർ അഭയം പ്രാപിച്ച ഇടങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ അമേരിക്കയുടെ നേതൃത്വത്തിൽ പുതിയ സമാധാന പദ്ധതികൾക്കായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നത് പ്രതീക്ഷ നൽകുന്നതാണെങ്കിലും, ഇതൊക്കെ വെറും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

‘എന്നാണ് ഈ കൊലപാതകങ്ങൾ അവസാനിക്കുക, അവശ്യസാധനങ്ങൾ കൃത്യമായി എപ്പോൾ ലഭിക്കും, ആശുപത്രികൾ വീണ്ടും തുറക്കുമോ, വരുന്ന സെപ്റ്റംബറിൽ സുരക്ഷിതമായി സ്‌കൂളിൽ പോകാൻ കഴിയുമോ’ തുടങ്ങിയ ലളിതമായ ചോദ്യങ്ങളാണ് ഗസ്സയിലെ കുട്ടികൾ ഇപ്പോൾ ചോദിക്കുന്നതെന്ന് എഡ്വേർഡ് ബെയ്‌ഗ്‌ബെഡർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള മാനുഷിക നിയമങ്ങൾ കൃത്യമായി പാലിക്കാനും കുട്ടികളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാനും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും യുണിസെഫ് ശക്തമായി ആവശ്യപ്പെട്ടു.

Also read: