ഹമാസ് സൈനിക മേധാവി മുഹമ്മദ് ഔദയെ വധിച്ചെന്ന് ഇസ്രയേൽ
ഗസ്സ സിറ്റി: വടക്കൻ ഗസ്സ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് സായുധ വിഭാഗത്തിന്റെ പുതിയ കമാൻഡർ മുഹമ്മദ് ഔദ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇന്നലെ ഗസ്സ സിറ്റിയിൽ ഔദയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സ്ഥിരീകരണം നൽകിയിട്ടുണ്ട്.
എന്നാൽ ഈ അവകാശവാദത്തോട് ഹമാസോ ഖസ്സാം ബ്രിഗേഡ്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈദുൽ-അദ്ഹയുടെ തലേന്ന് മധ്യ ഗസ്സയിലുണ്ടായ കനത്ത ബോംബാക്രമണത്തിൽ ഒരു പലസ്തീൻ സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ഈ പ്രഖ്യാപനം.
ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങൾക്കായി നെതന്യാഹു ഗസയിൽ മനഃപൂർവം സംഘർഷം വർധിപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിപക്ഷ നേതാക്കളും വിശകലന വിദഗ്ധരും ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവം. 2023 ഒക്ടോബർ മുതൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതിനകം 72,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.