20/07/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സയിലെന്താണോ ചെയ്തത് അത് തന്നെയാണ് ലബനാനിലും ചെയ്യുന്നത്, ഈ പോരാട്ടത്തിൽ അഭിമാനമുണ്ട്’; ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയുമെന്ന് നെതന്യാഹു

 ‘ഗസ്സയിലെന്താണോ ചെയ്തത് അത് തന്നെയാണ് ലബനാനിലും ചെയ്യുന്നത്, ഈ പോരാട്ടത്തിൽ അഭിമാനമുണ്ട്’; ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയുമെന്ന് നെതന്യാഹു

തെൽഅവീവ്: ഗസ്സയിൽ നടപ്പിലാക്കിയ അതേ സൈനിക നടപടികൾ തന്നെയാണ് ലബനാനിലും ഇസ്രയേൽ തുടരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശത്രുക്കളെ എല്ലാ രീതിയിലും ആക്രമിക്കുമെന്നും ഈ പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലബനാനിൽ ഇസ്രയേൽ സൈന്യം നടത്തുന്ന പോരാട്ടങ്ങളിലും നീക്കങ്ങളിലും തങ്ങൾക്ക് വലിയ അഭിമാനമുണ്ട്. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും അവസാനിക്കുന്നത് വരെ ഇസ്രയേൽ സൈന്യം അവിടെ തുടരുമെന്നും ലബനാനിൽ സൈനികരെ സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ ചെയ്തത് പോലെ തന്നെ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ലബനാനിലും തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് ഉള്ളിലല്ല, മറിച്ച് അതിർത്തിക്ക് അപ്പുറത്ത് ശത്രുക്കളുടെ ഭാഗത്ത് ബഫർ സോണുകളും സുരക്ഷാ മേഖലകളും സൃഷ്ടിക്കുക എന്നതാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്രയേലിനെ ആക്രമിക്കാൻ ശത്രുക്കൾ ഉപയോഗിച്ചിരുന്ന ഭൂഗർഭ തുരങ്കങ്ങളും ഭീകര ഗ്രാമങ്ങളും ഉൾപ്പെടെ സകല സംവിധാനങ്ങളും സൈന്യം പൂർണ്ണമായും നശിപ്പിക്കുകയാണ്.

ഹിസ്ബുള്ള കേന്ദ്രബിന്ദുവായ ഇറാൻ അച്ചുതണ്ടിനെതിരെ ഇസ്രയേൽ കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. മുൻപ് ഒന്നര ലക്ഷത്തോളം മിസൈലുകളും റോക്കറ്റുകളും ഹിസ്ബുള്ളയുടെ പക്കൽ ഉണ്ടായിരുന്നുവെന്നും, എന്നാൽ ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇപ്പോൾ അതിന്റെ എട്ട് ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള സൈനിക നീക്കങ്ങളിൽ ഒമ്പതിനായിരത്തോളം ഭീകരരെ വധിക്കാൻ ഇസ്രയേലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ മാത്രം നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഒപ്പുവെച്ച ഇസ്രയേൽ-ലബനാൻ പുതിയ കരാറിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ പുതിയ കരാർ ഇറാനും ഹിസ്ബുള്ളയ്ക്കുമുള്ള മുഖത്തേറ്റ വലിയൊരു അടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ കരാറിലൂടെ ഇസ്രയേലും ലബനാനും പരസ്പരം അംഗീകരിക്കുകയാണെന്നും, ഇറാനോടും ഹിസ്ബുള്ളയോടും അവിടെ നിന്നും പുറത്തുപോകാനാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഭീകരരുടെ ഒരു സൈന്യത്തെ താവളമടിക്കാൻ ഇസ്രയേൽ ഒരിക്കലും അനുവദിക്കില്ല. ശത്രുക്കളിൽ നിന്നും എന്തെങ്കിലും ഭീഷണി ഉയർന്നാൽ ഉടൻ തന്നെ ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ കരാർ പ്രകാരം ഇസ്രയേൽ സൈന്യം പിന്മാറേണ്ട കൃത്യമായ സമയക്രമം അവ്യക്തമാണെങ്കിലും, പതിറ്റാണ്ടുകൾ നീണ്ട സായുധ പോരാട്ടം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക രേഖകളിൽ പറയുന്നു. 2024 നവംബറിലെ കരാറിന് ശേഷം അമേരിക്ക, ഫ്രാൻസ്, ലബനാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒരു മോണിറ്ററിംഗ് സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, പുതിയ കരാറിന് അമേരിക്കൻ സൈന്യത്തിൻ്റെ നേരിട്ടുള്ള പിന്തുണയുണ്ട്. ലെബനാൻ സൈന്യത്തിന് അമേരിക്കൻ സേന പരിശീലനം നൽകുകയും ചെയ്യും. അതിനാൽ തന്നെ മുൻ കരാറുകളേക്കാൾ പുതിയ കരാർ വിജയിക്കാൻ സാധ്യത കൂടുതലാണെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അതേസമയം, കരാർ ഒപ്പുവെച്ചതിന് പിന്നാലെ ഹിസ്ബുള്ള ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹിസ്ബുള്ള അനുകൂലികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ലെബനാൻ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച ഹിസ്ബുള്ള സെക്രട്ടറി ജനറൽ നയീം ഖാസിം, ലെബനാനെ തകർക്കുന്ന പാപങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും, അധിനിവേശത്തെ പരാജയപ്പെടുത്താൻ തങ്ങൾ ഭൂമിയിൽ ചെറുത്തുനിൽപ്പ് തുടരുമെന്നും പ്രഖ്യാപിച്ചു.

Also read: