‘നെതന്യാഹു മനുഷ്യരൂപമുള്ള ചെകുത്താൻ; ഇസ്രയേലിനെ വിമർശിക്കുന്നത് ജൂതവിരുദ്ധതയല്ല’; രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്റെ മകൻ
തെൽഅവീവ്: മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. നെതന്യാഹു മനുഷ്യരൂപത്തിലുള്ള ചെകുത്താനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രയേൽ ഭരണകൂടം നടത്തുന്ന ക്രൂരതകളെ എതിർക്കുന്നതും വിമർശിക്കുന്നതും ഒരിക്കലും ജൂതവിരുദ്ധതയായി കണക്കാക്കാനാകില്ലെന്നും ഹണ്ടർ ബൈഡൻ വ്യക്തമാക്കി.
പ്രശസ്ത മാധ്യമപ്രവർത്തകൻ ടക്കർ കാൾസണുമായുള്ള ‘ദ ടക്കർ കാൾസൺ ഷോ’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെ വിമർശിക്കുന്നവരെ മുഴുവൻ ജൂതവിരുദ്ധരായി മുദ്രകുത്തുന്ന പ്രവണതയെ ഹണ്ടർ ബൈഡൻ ശക്തമായി അപലപിച്ചു. “താങ്കളെ ഒരു ജൂതവിരുദ്ധനായി മുദ്രകുത്തിയതുകൊണ്ട് പലരും താങ്കളെ വെറുക്കണമെന്നാണ് കരുതുന്നത്. എന്നാൽ താങ്കൾ അങ്ങനെയല്ലെന്ന് എനിക്ക് കൃത്യമായി അറിയാം. അതുപോലെ തന്നെ നെതന്യാഹുവിനെ ചെകുത്താനാണെന്ന് വിളിക്കുന്നത് ജൂതവിരുദ്ധതയാണെന്ന് ആരെങ്കിലും വാദിച്ചാൽ, അവരോട് എനിക്ക് ഒന്നും പറയാനില്ല,” ഹണ്ടർ ബൈഡൻ ടക്കർ കാൾസണോട് പറഞ്ഞു.
ഗസ്സയിലും ഇസ്രയേലിലും യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ആളുകൾ ഒരു നിമിഷം കണ്ണുതുറന്ന് നോക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടെ നടക്കുന്ന കടുത്ത അനീതികൾ കണ്ടില്ലെന്ന് നടിക്കാൻ ഇനി ആർക്കും സാധിക്കില്ല. ഇസ്രയേലിന്റെ ചെയ്തികളെ വിമർശിക്കുന്നവരെ ജൂതവിരുദ്ധരായി ചിത്രീകരിക്കുന്ന രീതികൾ ഇനി വിലപ്പോകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹണ്ടർ ബൈഡന്റെ ഈ പരാമർശങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.